തിരുവനന്തപുരം/കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ സിപിഐഎമ്മിനുള്ളിൽ നേതൃമാറ്റത്തിന് മുറവിളി. പാർട്ടിയും മുന്നണിയും നേരിടുന്ന അസാധാരണ സാഹചര്യം മറികടക്കാൻ അസാധാരണമായ നടപടികൾ തന്നെ വേണമെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മാറണമെന്ന പരോക്ഷമായ ആവശ്യങ്ങൾ പാർട്ടിക്കുള്ളിൽ ഉയർന്നു കഴിഞ്ഞു.
പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരെ കണ്ണൂർ കോളയാട് ഈരായികൊല്ലിയിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. “പാർട്ടിയാണ് വലുത്, നേതാക്കളല്ല” എന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ അണികൾ നൽകുന്നത്.പി. ജയരാജൻ, എം. സ്വരാജ് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ഫ്ലക്സുകൾ ഉയർന്നിരിക്കുന്നത്. നയിക്കാൻ ഇവരുണ്ടെങ്കിൽ കൂടെ ഞങ്ങളുമുണ്ടാകും എന്ന മുദ്രാവാക്യം നേതൃമാറ്റത്തിനായുള്ള അണികളുടെ ആഗ്രഹമാണ് വെളിപ്പെടുത്തുന്നത്.
പതിറ്റാണ്ടുകളായി സിപിഎമ്മിന്റെ കുത്തക മണ്ഡലങ്ങളായിരുന്ന പയ്യന്നൂരും തളിപ്പറമ്പും കൈവിട്ടത് പാർട്ടിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പയ്യന്നൂരിൽ ടി.ഐ. മധുസൂദനനെ 7,000-ത്തിലധികം വോട്ടുകൾക്ക് തോൽപ്പിച്ച് സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ അട്ടിമറി വിജയം നേടിയത് നേതൃത്വത്തിന് കനത്ത പ്രഹരമായി.
തോൽവിയുടെ കാരണങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനായി സിപിഐഎം, സിപിഐ നേതൃയോഗങ്ങൾ നാളെ ആരംഭിക്കും. ഭരണവിരുദ്ധ വികാരവും പാർട്ടി വോട്ടുകളിലുണ്ടായ ചോർച്ചയും യോഗങ്ങളിൽ ഗൗരവമായി ചർച്ച ചെയ്യപ്പെടും. പിണറായി വിജയന്റെ ശൈലിക്കെതിരെയും പാർട്ടിക്കുള്ളിൽ രൂക്ഷവിമർശനം ഉയരാൻ സാധ്യതയുണ്ട്.