മുഖ്യമന്ത്രി പദത്തിനായി മൂവർ പോര്; കെ.സി. വേണുഗോപാലിനായി ഹൈക്കമാൻഡ് നീക്കം, കരുതലോടെ രാഹുലും ഖർഗെയും

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന നടപടി കോൺഗ്രസ് ഹൈക്കമാൻഡിന് വലിയ പരീക്ഷണമാകുന്നു. മുഖ്യമന്ത്രി പദത്തിനായി മൂവർ പോര് നടക്കുന്നതിനാൽ എം.എൽ.എമാരുടെ ഭൂരിപക്ഷത്തിനൊപ്പം പാർട്ടിയിലെ പൊതുവികാരവും കണക്കിലെടുത്ത് മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ. എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമോ എന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാടാകും നിർണ്ണായകമാവുക.

കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളും മുഖ്യമന്ത്രി പദത്തിനായി രംഗത്തുണ്ട്. ഇവർക്കിടയിൽ സമവായമുണ്ടാക്കി പാർട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കുക എന്നതാണ് നേതൃത്വത്തിന് മുന്നിലുള്ള പ്രധാന ദൗത്യം. കെ.സി. വേണുഗോപാലിന് കേന്ദ്ര നേതാക്കളുടെയും ഒരു വിഭാഗം എം.എൽ.എമാരുടെയും പിന്തുണയുണ്ട്. എന്നാൽ, യു.ഡി.എഫിനെ നയിച്ച വി.ഡി. സതീശന് മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ പിന്തുണയുണ്ട്.

അതേസമയം, തന്റെ പ്രവർത്തന പരിചയവും സീനിയോറിറ്റിയും പരിഗണിക്കണമെന്ന വാദത്തിൽ രമേശ് ചെന്നിത്തലയും ഉറച്ചുനിൽക്കുന്നു.മല്ലികാർജ്ജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗം നിരീക്ഷകരെ നിശ്ചയിക്കും. കേരളത്തിലെത്തുന്ന നിരീക്ഷകർ ഓരോ എം.എൽ.എയുടെയും നിലപാട് നേരിട്ട് തേടും. ഇതിനുപുറമെ എം.പിമാർ, മുൻ കെ.പി.സി.സി അധ്യക്ഷന്മാർ എന്നിവരുമായും കൂടിയാലോചനകൾ നടത്തും.

63 സീറ്റുകൾ സ്വന്തമായി ഉള്ളതിനാൽ ഘടകകക്ഷികളുടെ അമിത സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. എങ്കിലും എല്ലാവരെയും വിശ്വാസത്തിലെടുത്ത് സമവായത്തിലൂടെ മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. തർക്കം തെരുവിലേക്ക് നീങ്ങാതിരിക്കാൻ രാഹുൽ ഗാന്ധി നേരിട്ട് ഇടപെടണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ അന്തിമ പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *