തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫ് വ്യക്തമായ ലീഡ് നില കൈവരിച്ച് മുന്നേറുന്നു. പല മണ്ഡലങ്ങളിലും ആദ്യ റൗണ്ടുകൾ പൂർത്തിയായപ്പോൾ കേവലഭൂരിപക്ഷം പിന്നിട്ടാണ് യുഡിഎഫിന്റെ കുതിപ്പ്. സംസ്ഥാനത്ത് യുഡിഎഫ് തരംഗം സഞ്ഞടിക്കുന്നു.
ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 80-ൽ അധികം മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ മുന്നിട്ടുനിൽക്കുകയാണ്. എൽഡിഎഫ് 47 മണ്ഡലങ്ങളിലും എൻഡിഎ നാല് മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്തും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറവൂരും ലീഡ് ചെയ്യുന്നു. സണ്ണി ജോസഫ് (പേരാവൂർ), രമ്യ ഹരിദാസ് (ചിറയിൻകീഴ്), റോജി എം ജോൺ (അങ്കമാലി), ഉമ തോമസ് (തൃക്കാക്കര) എന്നിവരും മുന്നിലാണ്.

പി രാജീവ്, ആർ ബിന്ദു, വീണ ജോർജ്, എം ബി രാജേഷ്, കെ ബി ഗണേഷ്‌കുമാർ, റോഷി അഗസ്റ്റിൻ എന്നീ പ്രമുഖ മന്ത്രിമാർ ആദ്യ റൗണ്ടുകളിൽ പിന്നിലാണ്. പാലായിൽ ജോസ് കെ മാണിയും പിന്നിലായി തുടരുന്നു. പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം, കാസർകോട് എന്നിവിടങ്ങളിൽ എൻഡിഎ ശക്തമായ സാന്നിധ്യം അറിയിക്കുന്നു. നേമത്ത് ആദ്യഘട്ടത്തിൽ രാജീവ് ചന്ദ്രശേഖറും പാലക്കാട് ശോഭ സുരേന്ദ്രനുമാണ് ലീഡ് ചെയ്തത്.
സംസ്ഥാനത്തുടനീളം 43 കേന്ദ്രങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. വൈകീട്ട് അഞ്ച് മണിക്ക് മുൻപായി പൂർണ്ണരൂപം പുറത്തുവരുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ട്. അതേസമയം, കളമശ്ശേരിയിൽ സ്ട്രോങ്ങ് റൂം പൂട്ട് തുറക്കാൻ കഴിയാത്തതിനാൽ പൂട്ട് തകർത്ത് വോട്ടെണ്ണൽ തുടങ്ങാനുള്ള നീക്കങ്ങൾ നടക്കുന്നു.