ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെയെയും എഐഎഡിഎംകെയെയും ഒരുപോലെ വിറപ്പിച്ചുകൊണ്ട് വിജയ്‌യുടെ തമിഴക വെട്രി കഴകം വൻ മുന്നേറ്റം നടത്തുന്നു. ഡിഎംകെയുടെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെന്നൈയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ തുടക്കത്തിൽ പിന്നിലായത് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചു.

ടിവികെയുടെ വി.എസ്. ബാബു രണ്ടാം റൗണ്ട് അവസാനിക്കുമ്പോൾ സ്റ്റാലിനെതിരെ എണ്ണായിരത്തിലധികം വോട്ടിന് ലീഡ് ചെയ്യുന്നതായാണ് റിപ്പോർട്ട്. ഉദയനിധി സ്റ്റാലിനും ആദ്യഘട്ടത്തിൽ പിന്നിലായതോടെ ഭരണപക്ഷം കടുത്ത പ്രതിസന്ധിയിലാണ്. മൽസരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയ് ശക്തമായ ലീഡ് നിലനിർത്തുന്നു. തിരുച്ചി ഈസ്റ്റിൽ 3,200-ലധികം വോട്ടുകൾക്കും പെരമ്പൂരിൽ ഏകദേശം 3,000 വോട്ടുകൾക്കും അദ്ദേഹം മുന്നിലാണ്. നിലവിലെ സൂചനകൾ പ്രകാരം ടിവികെ 80-ലധികം സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ, എഐഎഡിഎംകെ രണ്ടാമതും ഡിഎംകെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
സൈദാപ്പേട്ടിൽ ആരോഗ്യ മന്ത്രി മാ. സുബ്രഹ്മണ്യനും കട്പാടിയിൽ ദുരൈ മുരുകനും പിന്നിലാണെന്നത് ഡിഎംകെ ക്യാമ്പിനെ നിരാശയിലാക്കുന്നു. ഭരണകക്ഷിയോടുള്ള ജനവികാരം ഭരണവിരുദ്ധ തരംഗമായി മാറിയതും യുവ വോട്ടർമാർ ടിവികെയെ പിന്തുണച്ചതുമാണ് ഈ ഞെട്ടിക്കുന്ന ഫലസൂചനകൾക്ക് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.