ഇടമലക്കുടി റേഷൻ ക്രമക്കേട്: ഭക്ഷ്യക്കമ്മിഷൻ സ്ഥിരീകരിച്ചു; രേഖകളില്ലാതെ വിതരണം

മൂന്നാർ: ഇടമലക്കുടിയിലെ റേഷൻകടകളിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന പരാതി ശരിവെച്ച് സംസ്ഥാന ഭക്ഷ്യക്കമ്മിഷൻ. സൊസൈറ്റിക്കുടിയിലെ റേഷൻകടയിൽ റേഷൻ ക്രമക്കേട് നേരിട്ടെത്തി പരിശോധന നടത്തിയ കമ്മിഷൻ ചെയർപേഴ്‌സൺ ഡോ. ജിനു സക്കറിയ ഉമ്മൻ, പ്രാഥമികാന്വേഷണത്തിൽ തന്നെ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതായി അറിയിച്ചു.

റേഷൻ വിതരണവുമായി ബന്ധപ്പെട്ട് നിയമപരമായ യാതൊരു മാനദണ്ഡങ്ങളും കടയിൽ പാലിക്കുന്നില്ലെന്ന് കമ്മിഷൻ കണ്ടെത്തി. ഭക്ഷ്യധാന്യങ്ങൾ കടയിൽ എത്തിയതിനോ അത് ഗുണഭോക്താക്കൾക്ക് നൽകിയതിനോ കൃത്യമായ രേഖകളില്ല. ഒരു റേഷൻകടയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട രജിസ്റ്ററുകളൊന്നും അവിടെ സൂക്ഷിച്ചിട്ടില്ല. സ്റ്റോക്ക് ഇല്ലാത്തപ്പോൾ ഗുണഭോക്താക്കൾക്ക് ‘ടോക്കൺ’ നൽകി മടക്കി അയക്കുന്നത് നിയമവിരുദ്ധമാണെന്ന് കമ്മിഷൻ വ്യക്തമാക്കി.

ഫെബ്രുവരി മാസം മുതൽ റേഷൻ വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്ന് വിവിധ കുടികളിലെ ഗുണഭോക്താക്കളും ഊരുമൂപ്പന്മാരും കമ്മിഷനെ അറിയിച്ചു. ഇതുകൂടാതെ, റേഷൻ വാങ്ങാനായി കിലോമീറ്ററുകളോളം കാൽനടയായി എത്തുന്നവർക്ക് മുന്നിൽ പലപ്പോഴും ‘സ്റ്റോക്കില്ല’ എന്ന മറുപടിയാണ് ലഭിക്കുന്നത്.

ടോക്കൺ ലഭിച്ച് പിന്നീട് റേഷൻ വാങ്ങാൻ എത്തുമ്പോൾ, കാലാവധി കഴിഞ്ഞെന്ന കാരണം പറഞ്ഞ് പലർക്കും ഭക്ഷ്യധാന്യം നിഷേധിക്കുന്നതായും പരാതിയുണ്ട്. സൊസൈറ്റിക്കുടി, ഇഡലിപ്പാറക്കുടി തുടങ്ങി നിരവധി ഊരുകളിലെ പരാതികൾ നേരിട്ട് കേട്ട സാഹചര്യത്തിൽ, സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് കമ്മിഷൻ ഉറപ്പുനൽകി. റേഷൻ വിതരണത്തിലെ സുതാര്യത ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

രേഖകളില്ലാത്ത വിതരണവും ടോക്കൺ സമ്പ്രദായവും വഴി ഇടമലക്കുടിയിലെ ആദിവാസി ജനതയുടെ ഭക്ഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതായാണ് കമ്മിഷന്റെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *