കല്പറ്റ: മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് ഇന്ന് തുടക്കമാകും. പദ്ധതിയുടെ ഭാഗമായി നിർമിച്ച 178 വീടുകളിൽ, പ്രവൃത്തി പൂർത്തിയായ 102 വീടുകളിലാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും കിഫ്‌കോണും സംയുക്തമായി പരിശോധന നടത്തുന്നത്.
വയനാട് ടൗൺഷിപ്പ് വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിന് മുൻപ് പൂർണ്ണമായ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ മൂന്ന് ഘട്ടങ്ങളിലായുള്ള കർശന പരിശോധനാ രീതിയാണ് നടപ്പിലാക്കുന്നത്. യു.എൽ.സി.സി.എസ്. അധികൃതർ മാത്രം നടത്തുന്ന പ്രാഥമിക പരിശോധന, യു.എൽ.സി.സി.എസ്, കിഫ്‌കോൺ അധികൃതർ സംയുക്തമായി നടത്തുന്ന സാങ്കേതിക പരിശോധന, വീടുകൾ കൈമാറുന്നതിന് തൊട്ടുമുൻപ് ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന അവസാനവട്ട പരിശോധന.

നേരത്തെ യു.എൽ.സി.സി.എസ്. നടത്തിയ പ്രാഥമിക പരിശോധനയിൽ ചില വീടുകളിൽ വെള്ളം കിനിഞ്ഞിറങ്ങുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് അടിയന്തര പരിഹാര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വെള്ളം ചോരുന്ന ഭാഗങ്ങൾ കൃത്യമായി അടയാളപ്പെടുത്തി ‘അപ്രോക്‌സി പ്രഷർ ഗ്രൗട്ടിങ്’ നടത്തി സുരക്ഷിതമാക്കി. ചോർച്ച തടഞ്ഞതിന് ശേഷം വാട്ടർപ്രൂഫിംഗും സ്‌ക്രീഡ് കോൺക്രീറ്റിംഗും നടത്തി മേൽക്കൂരകൾ കൂടുതൽ ബലപ്പെടുത്തും. ഗുണഭോക്താക്കൾക്ക് യാതൊരുവിധ നിർമാണ അപാകതകളുമില്ലാത്ത സുരക്ഷിതമായ വീടുകൾ ഉറപ്പാക്കുക എന്നതാണ് ഈ ഘട്ടംഘട്ടമായുള്ള പരിശോധനയുടെ പ്രധാന ലക്ഷ്യം.