വാഷിംഗ്ടൺ/ടെഹ്റാൻ: അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടക്കാൻ ശ്രമിച്ച ഇറാൻ കപ്പലിനെ യുഎസ് നാവികസേന ആക്രമിച്ചു കീഴടക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ‘തൗസ്ക’ എന്ന ഇറാനിയൻ കപ്പലാണ് നിലവിൽ യുഎസ് സേനയുടെ കസ്റ്റഡിയിലുള്ളത്. എന്നാൽ, അമേരിക്കയുടെ ഈ നടപടി വെറും ‘കടൽക്കൊള്ള’ മാത്രമാണെന്ന് ആരോപിച്ച ഇറാൻ സൈന്യം, സംഭവത്തിന് ഉടനടി തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ് നൽകി.

യുഎസ് നാവികസേന നൽകിയ മുന്നറിയിപ്പുകൾ കപ്പൽ അവഗണിച്ചതാണ് നടപടിക്ക് പ്രേരിപ്പിച്ചതെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അതേസമയം, ചൈനയിൽ നിന്നും ഇറാനിലേക്ക് വരികയായിരുന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നതെന്ന് ഇറാൻ സൈനിക വക്താവ് വെളിപ്പെടുത്തി. ഈ സൈനിക നടപടിയോടെ ഇറാൻ-അമേരിക്ക രണ്ടാം ഘട്ട ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും സമാധാന ചർച്ചകൾക്കായി ഇരുവിഭാഗവും തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് നയിക്കുന്ന സംഘം ചൊവ്വാഴ്ച ഇസ്ലാമാബാദിൽ എത്തിയേക്കും. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ചർച്ചകൾക്ക് നേതൃത്വം നൽകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തങ്ങളുടെ ദേശീയ സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ ശേഷിയും ഉപയോഗിക്കുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗചി ആവർത്തിച്ചു വ്യക്തമാക്കി.