പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ സംസ്ഥാനത്ത് പ്രചാരണം ഉച്ചസ്ഥായിയിൽ. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങൾക്ക് പിന്നാലെ, യുഡിഎഫിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് രാഹുൽ ഗാന്ധിയുടെ ഇന്നത്തെ പരിപാടികൾ.
പത്തനംതിട്ടയിലെ ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത സമ്മേളനത്തോടെയാണ് രാഹുലിന്റെ പര്യടനം ആരംഭിക്കുന്നത്. തുടർന്ന് കോട്ടയത്തേക്ക് തിരിക്കുന്ന അദ്ദേഹം ഉച്ചയ്ക്ക് രണ്ട് മണിക്ക് പാമ്പാടിയിൽ ചാണ്ടി ഉമ്മന്റെ പ്രചാരണ യോഗത്തിൽ പങ്കെടുക്കും. കോട്ടയം, ഏറ്റുമാനൂർ മണ്ഡലങ്ങളിലും അദ്ദേഹം വോട്ടഭ്യർത്ഥിക്കും. രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ച് കോട്ടയം നഗരത്തിൽ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, എൽഡിഎഫ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊല്ലം ജില്ലയിലുണ്ടാകും. ചവറ, കൊല്ലം, കൊട്ടാരക്കര, ചടയമംഗലം മണ്ഡലങ്ങളിലെ കൺവെൻഷനുകളിൽ അദ്ദേഹം സംസാരിക്കും. രാവിലെ പത്ത് മണിക്ക് കൊല്ലത്ത് അദ്ദേഹം മാധ്യമങ്ങളെയും കാണും.