തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, യു.ഡി.എഫിന്റെ പ്രചാരണ പരിപാടികൾക്ക് കരുത്തുപകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി നിശ്ചയിച്ചിട്ടുള്ള വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി ഇന്ന് മുഖ്യാതിഥിയാകും. ശിവഗിരി മഠവും രാജീവ് ഗാന്ധി പഠനകേന്ദ്രവും സംയുക്തമായാണ് ഇത് സംഘടിപ്പിക്കുന്നത്.
വിവിധ മതമേലധ്യക്ഷന്മാർ, ശിവഗിരി മഠത്തിലെ സ്വാമിമാർ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ആലപ്പുഴ, തൃശൂർ, കൊല്ലം ജില്ലകളെ കോർത്തിണക്കിയാണ് ഈ മഹാസംഗമം ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ രാഹുൽ ഗാന്ധി ശിവഗിരി മഠം സന്ദർശിക്കും. പകൽ 11:30-ന് തിരുവനന്തപുരം ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ ഐടി ജീവനക്കാരുമായി അദ്ദേഹം ആശയവിനിമയം നടത്തും. വൈകുന്നേരം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ‘പുതുയുഗ യാത്ര’യുടെ സമാപന സമ്മേളനത്തോടെ സന്ദർശനം പൂർത്തിയാകും.
നൂറു വർഷങ്ങൾക്ക് മുൻപ് ശിവഗിരിയിലെ വനജാക്ഷി മന്ദിരത്തിൽ വെച്ച് മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും നടത്തിയ കൂടിക്കാഴ്ചയുടെ സ്മരണ പുതുക്കുന്നതാണ് കൊല്ലത്തെ ചടങ്ങ്. രാഷ്ട്രീയ പ്രാധാന്യത്തോടൊപ്പം തന്നെ നവോത്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനുള്ള കോൺഗ്രസിന്റെ ശ്രമമായാണ് ഈ പരിപാടി വിലയിരുത്തപ്പെടുന്നത്.
