തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ശക്തമാക്കി സി.പി.ഐ.എം. സ്ഥാനാർഥി നിർണയത്തിന്റെ ഭാഗമായുള്ള നിർണ്ണായകമായ സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പ്രാഥമിക പട്ടിക സമിതിയിൽ വിശദമായ ചർച്ചയ്ക്ക് വിധേയമാക്കും. ചില മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള അനിശ്ചിതത്വം സംസ്ഥാന സമിതി ഇന്ന് പരിഹരിക്കും. സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്ന പട്ടിക ജില്ലാ, മണ്ഡലം കമ്മിറ്റികളിൽ ചർച്ച ചെയ്ത ശേഷം വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്ക് എത്തും.
തിരഞ്ഞെടുപ്പ് തീയതികൾ നീളാൻ സാധ്യതയുള്ളതിനാൽ, ഈയാഴ്ച പ്രതീക്ഷിച്ചിരുന്ന സ്ഥാനാർഥി പ്രഖ്യാപനം അല്പം വൈകിയേക്കും. തെക്കൻ ജില്ലകളിൽ സ്ഥാനാർഥി നിർണയം അവസാന ഘട്ടത്തിലാണ്. തിരുവനന്തപുരത്ത് സി.പി.ഐ.എമ്മിന്റെ 10 സിറ്റിംഗ് എം.എൽ.എമാരും വീണ്ടും ജനവിധി തേടും. പത്തനംതിട്ട മന്ത്രി വീണാ ജോർജ്, ജനീഷ് കുമാർ എന്നിവരുടെ സ്ഥാനാർത്ഥിത്വം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കൊല്ലത്ത് മൂന്ന് മുന്നണികളും വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തുന്നതിനുള്ള അവസാന വട്ട ചർച്ചകളിലാണ്.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിലെത്തും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. മറ്റന്നാൾ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി ചർച്ചകൾ നടത്തും.
