സ്കൂൾ ബസുകൾ കത്തിയ സംഭവം: അട്ടിമറിക്ക് തെളിവില്ലെന്ന് പോലീസ്, ദുരൂഹത നീക്കാൻ ഫോറൻസിക് റിപ്പോർട്ട് നിർണായകം

തിരുവനന്തപുരം: ചെങ്കോട്ടുകോണം ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ ബസുകൾ കത്തിനശിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ബസുകൾ മനപ്പൂർവ്വം തീയിട്ടതാണെന്ന വാദത്തിന് നിലവിൽ തെളിവുകളൊന്നുമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിലെ ദുരൂഹത നീക്കാൻ ഫോറൻസിക് ലാബ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ബസുകൾക്ക് തീപിടിച്ചത്. തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. മറ്റൊരു സ്ഥലത്ത് നിർത്തിയിട്ടിരുന്ന ട്രാവലർ ബസുകളിലേക്ക് ഇടിച്ചുകയറ്റിയ നിലയിലായിരുന്നു കണ്ടെത്തിയത്. ഇത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.

സംഭവം ആസൂത്രിതമായ അട്ടിമറിയാണെന്നാണ് സ്കൂൾ അധികൃതർ ഇപ്പോഴും വിശ്വസിക്കുന്നത്. നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തനിയെ നീങ്ങാനോ തീപിടിക്കാനോ സാധ്യതയില്ലെന്നും ആരോ മനപ്പൂർവ്വം തീയിട്ടതാണെന്നുമാണ് ഇവരുടെ വാദം. സംഭവസമയം ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്കൂളിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *