പൂരം കലക്കൽ റിപ്പോർട്ടിലെ വിമർശനം; വി.എസ്. സുനിൽകുമാറിന് സിപിഐയുടെ പരസ്യശാസന

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് റിപ്പോർട്ടിലെ വിമർശനങ്ങളുടെ പേരിൽ മുൻ മന്ത്രിയും സിപിഐ നേതാവുമായ വി.എസ്. സുനിൽകുമാറിന് പാർട്ടിയുടെ ശാസന. തൃശൂർ ജില്ലാ എക്സിക്യൂട്ടീവിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സുനിൽകുമാറിനെതിരെ നടപടിയെടുത്തത്.

പൂരം കലക്കിയതിൽ ഒന്നാം പ്രതി അന്നത്തെ ജില്ലാ കളക്ടറാണെന്ന സുനിൽകുമാറിന്റെ പരസ്യ പ്രസ്താവനയാണ് പാർട്ടിയെ ചൊടിപ്പിച്ചത്. ഇത്തരം കാര്യങ്ങൾ പറയാൻ ആരെങ്കിലും ചുമതലപ്പെടുത്തിയിരുന്നോ എന്ന് ബിനോയ് വിശ്വം യോഗത്തിൽ ചോദിച്ചു. സുനിൽകുമാറിന്റെ നിലപാടിൽ മന്ത്രി കെ. രാജൻ നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തള്ളിക്കൊണ്ട് സുനിൽകുമാർ നടത്തിയ പ്രതികരണങ്ങൾ രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പാർട്ടി കർശനമായ താക്കീത് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *