കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടണമെന്ന് സംസ്ഥാന നേതൃത്വം നിർദേശം നൽകിയതിന് പിന്നാലെ ഫെബ്രുവരി ആറിന് വാർത്ത സമ്മേളനം നിളിക്കാനൊരുങ്ങി സിപിഐഎം. അണികൾക്കിടയിലെ സംശയങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ ആണ് നീക്കം. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് ഇക്കാര്യം അറിയിച്ചത്.
ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തെളിവ് ഉൾപ്പെടെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടും ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും വി.കുഞ്ഞികൃഷ്ണൻ പറയുന്നത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഉൾപ്പെടെ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്ന സാമ്പത്തിക ക്രമക്കേടുകളുടെ വിശദമായ കണക്കുകൾ വി കുഞ്ഞികൃഷ്ണന്റെ പുസ്കത്തിലുണ്ട്. നേതൃത്വത്തെ അണികൾ തിരുത്തണമെന്ന വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ ടി ഐ മധുസൂദനനും സിപിഐഎം നേതൃത്വത്തിനും രൂക്ഷവിമർശനമുണ്ട്.
വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവർത്തകർ രംഗത്തെത്തിയിരുന്നു. കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കോടാലി കയ്യായി പാർട്ടിയെ വഞ്ചിച്ചു പുറത്തേക്ക് പോയെന്ന് സിപിഐഎം വിശദീകരിക്കുമ്പോഴും പയ്യന്നുരിലെ അണികളിൽ പലർക്കും അതൃപ്തി ഉണ്ട്. ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് പയ്യന്നൂർ എം എൽ എ ടി ഐ മധുസൂദനൻ ഉൾപ്പെടെ ഉള്ളവർ ചേർന്ന് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു ആരോപണം.
