ശശി തരൂർ എംപിയുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും

ദില്ലി: കോൺ​ഗ്രസ്സ് നേതൃത്വവുമായി അതൃപ്തി തുടരുന്ന ശശി തരൂർ എംപിയുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. പാർലമെൻറിൽ ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്താനാണ് സാധ്യത. സിപിഎമ്മിലേക്ക് എത്തിക്കാൻ ദുബായിൽ ചർച്ച നടന്നുവെന്ന ആരോപണം ഇന്നലെ ശശി തരൂർ തള്ളിയിരുന്നു. ആരോപണം മാധ്യമങ്ങൾ സൃഷ്ടിച്ചതെന്നാണ് ശശി തരൂർ പറഞ്ഞിരുന്നത്. നിങ്ങളുടെ അന്നത്തിനുവേണ്ടി നിങ്ങൾ ചെയ്യുന്നതാണെന്നും പറയാനുള്ളത് പാർട്ടി നേതൃത്വത്തോടെ മാത്രമേ പറയുവെന്നുമായിരുന്നു ശശി തരൂർ വ്യക്തമാക്കിയത്.

മഹാപഞ്ചായത്തിൽ വെച്ച് ശശി തരൂരിന് കൈകൊടുക്കാതെ രാഹുൽ ഗാന്ധി അവഗണിച്ചെന്ന പരാതിയാണുള്ളത്. ഇന്നലെ നടന്ന കോൺഗ്രസ് പാർലമെൻററി നയ രൂപീകരണ യോഗത്തിലും ശശി തരൂർ പങ്കെടുത്തില്ല. നയ രൂപീകരണ യോഗത്തിൽ പങ്കെടുക്കാൻ ശശി തരൂരിന് പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു.

പാർലമെൻറിലെ പ്രതിപക്ഷ നേതാവിൻറെ ഓഫീസിലേക്ക് വിളിപ്പിച്ചുകൊണ്ട് തരൂരുമായി ചർച്ച നടത്താനുള്ള സാധ്യതയാണുള്ളത്. നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് തരൂരിനും താൽപര്യമുണ്ട്. പറയാനുള്ളത് പാർട്ടി നേതൃത്വത്ത് പറയുമെന്നാണ് ഇന്നലെയും തരൂർ വ്യക്തമാക്കിയിരുന്നത്. ശശി തരൂരിനെ അനുനയിപ്പിച്ച് എത്രയും വേഗം പ്രശ്നം അവസാനിക്കാനാണ് നേതൃത്വത്തിൻറെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *