ന്യൂ ഡൽഹി: പ്രിലിമിനറി പരീക്ഷയിൽ സംവരണ ആനുകൂല്യം നേടി വിജയിക്കുന്നവർക്ക്, പിന്നീട് റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയാലും ജനറൽ വിഭാഗത്തിലെ സീറ്റിന് അവകാശവാദമുന്നയിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. ഒരു റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ തുടക്കത്തിൽ സംവരണത്തിന്റെ ഇളവ് സ്വീകരിച്ച ഉദ്യോഗാർഥി, ആ പ്രക്രിയയിലുടനീളം സംവരണ വിഭാഗത്തിൽപ്പെട്ടയാളായി മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. ഉയർന്ന റാങ്ക് ലഭിച്ചു എന്ന കാരണത്താൽ പരീക്ഷയുടെ മധ്യത്തിൽ വെച്ച് ഒരാൾക്ക് ജനറൽ വിഭാഗത്തിലേക്ക് മാറാൻ കഴിയില്ലെന്നും ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
2013-ലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഈ വിധി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ജി. കിരൺ എന്ന ഉദ്യോഗാർഥി പ്രിലിമിനറി പരീക്ഷയിൽ ജനറൽ വിഭാഗത്തിനുള്ള 267 മാർക്കിന് പകരം സംവരണ ഇളവിലൂടെയാണ് (247.18 മാർക്ക്) മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടിയത്. എന്നാൽ അന്തിമ റാങ്ക് പട്ടികയിൽ 19-ാം റാങ്ക് നേടിയ കിരൺ, 37-ാം റാങ്ക് നേടിയ ജനറൽ വിഭാഗക്കാരനായ ആന്റണി എസ്. മരിയപ്പയെ മറികടന്ന് കർണാടകയിലെ ജനറൽ സീറ്റിനായി അവകാശവാദം ഉന്നയിച്ചു. കർണാടക ഹൈക്കോടതിയും ട്രിബ്യൂണലും കിരണിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
എന്നാൽ കർണാടക ഹൈക്കോടതിയുടെ ഈ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് ശരിവെച്ചത്. ജനറൽ വിഭാഗത്തിലെ സീറ്റ് ലഭിക്കണമെങ്കിൽ പരീക്ഷയുടെ ഒരു ഘട്ടത്തിലും സംവരണത്തിന്റെ ഇളവുകൾ ഉദ്യോഗാർഥി കൈപ്പറ്റിയിരിക്കരുത്. മെറിറ്റ് വിഭാഗത്തിൽ ഉൾപ്പെടാൻ പ്രിലിമിനറി മുതലുള്ള എല്ലാ ഘട്ടങ്ങളിലും ജനറൽ വിഭാഗത്തിന് തുല്യമായ യോഗ്യത നേടേണ്ടതുണ്ട്. സംവരണ ആനുകൂല്യം മറന്നുകൊണ്ട് അന്തിമ ഘട്ടത്തിൽ മാത്രം ജനറൽ സീറ്റ് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, ആന്റണിക്ക് കർണാടക കേഡറിൽ നിയമനം നൽകിയ സർക്കാർ നടപടി ശരിയാണെന്ന് വിധിച്ചു.
