എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണം: എൻ എസ് എസ് അനുകൂല വിധി എല്ലാവർക്കും ബാധകമാക്കണം, സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്ക് കൂടി അടിയന്തരമായി ബാധകമാക്കാൻ സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ അടിയന്തരമായി തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അപേക്ഷ സ്റ്റാൻഡിങ് കോൺസൽ സി.കെ ശശി നാളെയോ, മറ്റന്നാളോ സുപ്രീം കോടതിയിൽ ഫയൽ ചെയ്യും.

ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചാണ് കേരളത്തിലെ എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണവും ആയി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത്. ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്ക് കൂടി ബാധകം ആക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സർവീസ് പൂർത്തിയായില്ലെന്ന് സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

കേസിന്റെ നടപടികൾ അനന്തമായി വൈകുന്നതിൽ ക്രൈസ്തവ സഭകൾ ഉൾപ്പടെയുള്ള മാനേജ്മെന്റുകൾ അതൃപ്തി അറിയിച്ചിരുന്നു. വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് സംസ്ഥാന നിയമ മന്ത്രി പി രാജീവുമായി നടത്തിയ ചർച്ചകളിൽ ക്രൈസ്തവ സഭാ അധ്യക്ഷന്മാർ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ പ്രത്യേക അപേക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *