പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ സ്ഥാനാർത്ഥികളെ അതിവേഗം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിൽ മുന്നണികൾ. ഇടതി മുന്നണി ടേം വ്യവസ്ഥയിൽ ഇളവ് വരുത്തിയതോടെ സ്ഥാനാർത്ഥി തീരുമാനങ്ങളും അതിവേഗത്തിലാകുമെന്നാണ് സൂചന. ഇതിനിടെ ഡോക്ടർ പി സരിൻ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി ആയേക്കുമെന്നാണ് റിപ്പോർട്ട്. സരിനെ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന തലത്തിൽ നീക്കം നടത്തുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്.
സരിന് വിജയ സാധ്യതയുള്ള സീറ്റ് തന്നെ നൽകണമെന്ന നിർദേശമുള്ളതായും വിവരമുണ്ട്. ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിന് നിർദേശം കിട്ടിയതായിട്ടാണ് സൂചന. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പി സരിൻ കോൺഗ്രസിൽ നിന്ന് സിപിഎമ്മിന് ഒപ്പം ചേർന്നത്. അന്ന് മുതൽ സജീവമാണ്.
തോറ്റുവെങ്കിൽ പോലും സരിൻ തരംഗമുണ്ടാക്കാൻ കഴിഞ്ഞുവെന്നാണ് സിപിഎമ്മിനുള്ളിലെ വിലയിരുത്തൽ. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മൂന്നാമത് എത്താനേ കഴിഞ്ഞുള്ളൂ എങ്കിലും രണ്ടാമതെത്തിയ ബിജെപിയും സിപിഎമ്മും തമ്മിൽ നേരിയ വ്യത്യാസം മാത്രമേയുണ്ടായിരുന്നുള്ളൂ.
