തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തോൽവി ജനങ്ങൾ തന്ന മുന്നറിയിപ്പായി കാണുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആ മുന്നറിയിപ്പിനെ എല്ലാവിധ ആദരവോടുകൂടെ കാണുന്നതിന് കമ്യൂണിസ്റ്റ് പാർട്ടിക്ക് മടിയില്ല. തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എൽഡിഎഫ് സർക്കാർ ചെയ്ത എണ്ണമറ്റ കാര്യങ്ങൾ കേരളത്തിന്റെ എല്ലാ തുറകളിലും ഉണ്ടാക്കിയ മാറ്റങ്ങൾ നീണ്ടു പരന്ന് കിടക്കുന്നവയാണ്. അതുകൊണ്ടുത്തന്നെ ജനങ്ങളുടെ വോട്ട് എൽഡിഎഫിനുള്ള വിജയ വോട്ടുകളാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ആ പ്രതീക്ഷ ഫലവത്തായില്ല. ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ് പാർട്ടിക്കും പരാജയം പുത്തരിയല്ല. പരാജയപ്പെട്ടാൽ അതോടുകൂടി എല്ലാം തീർന്നുവെന്ന് ചിന്തിക്കുന്നില്ല. ചരിത്രം ആർക്കെങ്കിലും വേണ്ടി അവസാനിക്കുന്നില്ല. കാലത്തിന്റെ തീരുമാനമായിട്ടാണ് ഈ പരാജയത്തെ കാണുന്നത്. എല്ലാത്തിനെക്കാളും വലുത് ജനങ്ങളാണ്. ജനങ്ങളുടെ വിധിയെഴുത്തിനെ തലതാഴ്ത്തി അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീഴ്ചകൾ തിരുത്തി പാർട്ടി തിരിച്ചുവരും മുന്നേറും. എൽഡിഎഫിന്റെ മൂന്നാം ഊഴം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വത്ത് അപഹരിച്ചത് ആരായാലും അവരോട് വിട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതാണ് സിപിഐയുടെയും എൽഡിഎഫിന്റെയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
