കൊല്ലം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന നടത്തിയ മുൻ എംഎൽഎ എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് പ്രളയമായി നദികളിലൂടെ ഒഴുകി വന്നതെന്ന് തുടങ്ങിയ വാചകങ്ങളാണ് എം സ്വരാജിൻ്റെ പ്രസംഗത്തിലുണ്ടായിരുന്നത്. അയ്യപ്പൻ്റെ ബ്രഹ്മചര്യം അവസാനിച്ചെന്നും പ്രസംഗത്തിൽ പറഞ്ഞിരുന്നു.
എം സ്വരാജിൻ്റെ 2018 ലെ പ്രസംഗമാണ് കേസിലേക്ക് നയിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ നൽകിയ പരാതിയിലാണ് കോടതി പൊലീസിൻ്റെ റിപ്പോർട്ട് തേടിയത്. വിഷയത്തിൽ കൊല്ലം വെസ്റ്റ് എസ്എച്ച്ഒയ്ക്കും സിറ്റി പൊലീസ് കമ്മീഷണർക്കും വിഷ്ണു സുനിൽ നേരത്തെ പരാതി നൽകിയെങ്കിലും കേസ് എടുക്കാതിരുന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.
