ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഈറോഡില്‍ നടന്ന റാലിയോടെ തുടക്കം കുറിച്ച് തമിഴക വെട്രി കഴകം. ഭരണകക്ഷിയായ ഡിഎംകെയെ ദുഷ്ട ശക്തിയെന്നും എന്നും ടിവികെയെ ശുദ്ധമായതെന്നും വിശേഷിപ്പിച്ചുകൊണ്ടാണ് വിജയ് റാലിയെ അഭിസംബോധന ചെയ്തത്.
കരൂര്‍ ദുരന്തത്തിന് ശേഷം ആദ്യമായാണ് ടിവികെ പൊതു പരിപാടി സംഘടിപ്പിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ടിവികെ ആദ്യമായി മത്സരരംഗത്തേക്ക് ഇറങ്ങുന്നത്. അതിനുമുമ്പായി കരൂര്‍ ദുരന്തത്തെ തുടര്‍ന്ന് നേരിട്ട മോശം പ്രതിച്ഛായയെ മറികടക്കുക എന്നതാണ് പാര്‍ട്ടിയുടെ പ്രഥമ ലക്ഷ്യമായി കണക്കാക്കുന്നത്.
കരൂര്‍ ദുരന്തത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡിഎംകെയും വലിയ വിമര്‍ശനം നേരിട്ട സാഹചര്യത്തില്‍, ഈറോഡ് റാലിയുടെ സുരക്ഷയ്ക്കായി പോലീസ് വിപുലമായ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. പരിപാടിയിലുടനീളം ക്രമസമാധാനം ഉറപ്പാക്കാന്‍ 1,300-ല്‍ അധികം പോലീസുകാരെയാണ് സര്‍ക്കാര്‍ വിന്യസിച്ചത്. 35,000 പേരോളം പങ്കെടുത്ത റാലിയില്‍ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
