ദില്ലി: മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിക്ക് പകരമായി വിബി ജി റാം ജി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ബില്‍ അവതരിപ്പിച്ചത്. 2005 ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ തുടങ്ങിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് ഇനി വികസിത ഭാരത് ഗാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ എന്നായിരിക്കുമെന്ന് ബില്ലില്‍ പറയുന്നു.
വേതനത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സര്‍ക്കാരുകളും വഹിക്കണം എന്നത് ഉള്‍പ്പെടെ സംസ്ഥാനങ്ങളുടെ ഭാരം കൂട്ടുന്ന നിര്‍ദേശങ്ങളും ബില്ലില്‍ ഉണ്ട്. ഗാന്ധിജിയുടെ ചിത്രം ഉയര്‍ത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബില്‍ അവതരണം.
ബില്ലിനെ അതിശക്തമായി എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി രംഗത്തെത്തി. സാധാരണക്കാര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയുടെ ഉദ്ദേശം തന്നെ തകര്‍ക്കുന്ന ബില്ലാണ് പുതിയതെന്ന് പ്രിയങ്കഗാന്ധി ആരോപിച്ചു. തൃണമുല്‍ കോണ്‍ഗ്രസും ബില്ലിനെ എതിര്‍ത്തു. ബില്ലിനെ അനുകൂലിച്ച് ജയ് ശ്രീ റാം വിളികളുമായി ബിജെപി അംഗങ്ങള്‍ രംഗത്തെത്തി.
