ജോസ് കെ. മാണിയുടെ യുഡിഎഫ് പ്രവേശനം: സാധ്യത തുറന്നിട്ട് സതീശനും ലീഗും

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനസാധ്യത തള്ളാതെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും. മാണി ഗ്രൂപ്പിന്റെ വരവിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് നിലപാടറിയിച്ചെങ്കിലും കോണ്‍ഗ്രസിന്റെയും ലീഗിന്റെയും മനസ്സിലിരിപ്പ് അതല്ലെന്ന് വ്യക്തം.

തദ്ദേശതിരഞ്ഞെടുപ്പു ഫലം വന്നയുടനെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി ഇടതുമുന്നണി വിടുന്നതിന്റെ സാധ്യത തള്ളിയിരുന്നു. എന്നാല്‍, അണികള്‍ മുന്നണിമാറ്റം ആഗ്രഹിക്കുന്നു എന്ന കണക്കുകൂട്ടലിലാണ് യുഡിഎഫിലെ ഒരുവിഭാഗം നേതാക്കള്‍. തദ്ദേശഫലപ്രഖ്യാപനത്തിനു പിന്നാലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് സ്വാഗതംചെയ്തിരുന്നു. ലീഗ് നേരത്തേത്തന്നെ ക്ഷണിച്ചിരുന്നു. മുന്നണി കണ്‍വീനറായ ഉടനെ അടൂര്‍ പ്രകാശും ജോസിന് വരാമെന്നു പറഞ്ഞിരുന്നു.

യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് (എം) വേണമെന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കളുടെ ക്ഷണം ഗൗരവമായി തോന്നുന്നില്ലെന്നുമാണ് പി.ജെ. ജോസഫ് തിങ്കളാഴ്ച രാവിലെ പറഞ്ഞത്. പക്ഷേ, മണിക്കൂറുകള്‍ക്കുള്ളില്‍ വി.ഡി. സതീശന്‍ ജോസിനായി സാധ്യത തുറന്നിടുംവിധം സംസാരിച്ചു. അടിത്തറ വിപുലീകരിച്ച് കുറെക്കൂടി ശക്തമായ യുഡിഎഫ് ആയിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. മുന്നണി വിപുലീകരിക്കുമ്പോള്‍ അതില്‍ എല്‍ഡിഎഫിലെയും എന്‍ഡിഎയിലെയും ഘടകകക്ഷികളുണ്ടാകും. വിപുലീകരണത്തിന് ആരുടെയും പിന്നാലെപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണിയില്‍ യുഡിഎഫ് ആശയങ്ങളുമായി യോജിക്കുന്നവര്‍ ഉണ്ടെന്നാണ് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചത്. അവരിങ്ങോട്ടു വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയും സമാന ആശയം മുന്നോട്ടുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *