മലയാറ്റൂര്‍: ബിരുദ വിദ്യാര്‍ഥിനി മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ചിത്രപ്രിയയെ (19) കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതായും ബന്ധു ശരത് ലാല്‍ പറഞ്ഞു. ഇക്കാര്യം പൊലീസിനെ അറിയിച്ചു. ചിത്രപ്രിയ രാത്രി സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതാണ് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളത്.
ചിത്രപ്രിയയുടെ സുഹൃത്ത് കൊറ്റമം കുറിയേടം അലന്‍ ബെന്നിയെ ( 21) കാലടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും മദ്യലഹരിയില്‍ ചിത്രപ്രിയയെ കൊലപ്പെടുത്തിയെന്നുമാണ് അലന്‍ പൊലീസിനു നല്‍കിയ മൊഴി. ചെവിക്കു താഴെ കല്ലു കൊണ്ട് അടിയേറ്റതിനെ തുടര്‍ന്നുള്ള മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
മലയാറ്റൂര്‍ അടിവാരത്തിനു സമീപം സെബിയൂര്‍, കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം കണ്ടെത്തിയത്. വനം വകുപ്പില്‍ താല്‍ക്കാലിക ഫയര്‍ വാച്ചറായ ഷൈജുവിന്റെയും കേറ്ററിങ്ങ് ജോലിക്കു പോകുന്ന ഷിനിയുടെയും മകളായ ചിത്രപ്രിയ ബെംഗളൂരുവില്‍ ബിബിഎ ഏവിയേഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഒരു ആഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. അതേസമയം, കൊല്ലപ്പെട്ട ചിത്രപ്രിയയും സുഹൃത്ത് അലനും തമ്മില്‍ നേരത്തേയും പലവട്ടം വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. പെണ്‍കുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു ഇത്.
