ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് റിപ്പോർട്ട് പരിശോധിക്കും
കൊച്ചി; ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരുൾപ്പെട്ട് പ്രത്യേക ബഞ്ചാണ് ഹേമ കമ്മറ്റിയുമായി ബന്ധപ്പെട്ട വിഷയത്തിലെ ഹർജികൾ ഇനി പരിഗണിക്കുക.വിഷയത്തെ പ്രാധ്യാന്യം കണക്കിലെടുത്ത് വനിതാ ജഡ്ജിയെ കൂടി ഉൾപെടുത്തിയാണ് പുതിയ ബഞ്ച് രൂപീകരിച്ചത്. ഈ ബഞ്ചിന് മുമ്പാകെയാണ് റിപ്പോർട്ടിൻ്റെ പൂർണ രൂപം മുദ്ര വെച്ച കവറിൽ സർക്കാർ സമർപിക്കുക’
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരാവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പൊതുതാൽപര്യ ഹരജിയിലായിരുന്നു റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശം നൽകിയത്. നിരവധി പേജുള്ള റിപോർട്ടുകൾ കോടതി പരിശോധിക്കുന്നതോടൊപ്പം കോടതിയെ സഹായിക്കാൻ അമിക്വസ് ക്യൂറിയെ നിയമിക്കാനും സാധ്യതയുണ്ട്.
സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെട്ട സംഭവങ്ങളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന കുറ്റകൃത്യങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇനി ഈ ഹർജികളെല്ലാം പുതുതായി രൂപീകരിച്ച പ്രത്യേക ബഞ്ചാകും പരിഗണിക്കുക.ഹർജികൾ നാളെ കോടതിയുടെ പരിഗണനയ്ക്കത്തിയേക്കും