മിനൂപിന്റെ ഭാര്യയുമായി അനീഷിനുണ്ടായിരുന്ന സൗഹൃദമാണ് കാരണമെന്നാണു പൊലീസ് നൽകുന്ന സൂചന.
കളമശേരി: എച്ച്എംടി ജംക്‌ഷനിൽ സ്വകാര്യ ബസ് കണ്ടക്ടറെ ബസിനുള്ളിൽ കയറി യുവാവ് കുത്തിക്കൊന്നു. ഇടുക്കി രാജകുമാരി കഞ്ഞിക്കുഴി മറ്റത്തിൽ വീട്ടിൽ അനീഷ് പീറ്ററിനെ (25) ആണ് കൊലപ്പെടുത്തിയത്. മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ നിന്നു യാത്രക്കാരുമായി വന്ന ‘അസ്ത്ര’ ബസിനുള്ളിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം. അനീഷിനെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട കളമശേരി ഗ്ലാസ്ഫാക്ടറി നഗർ ചാമപ്പറമ്പിൽ മിനൂപിനെ (തൊപ്പി–35) വൈകിട്ട് മുട്ടത്തു നിന്നു പൊലീസ് പിടികൂടി. മിനൂപിന്റെ ഭാര്യയുമായി അനീഷിനുണ്ടായിരുന്ന സൗഹൃദമാണ് ആക്രമണത്തിനു കാരണമെന്നാണു പൊലീസ് നൽകുന്ന സൂചന.
കൊല്ലപ്പെട്ട അനീഷ് ആലുവ-ചൂണ്ടി മനക്കപ്പടിയില്‍ വാടകയ്ക്കാണ് താമസിക്കുന്നത്.ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.കളമശ്ശേരി എച്ച്.എം.ടി.കവലയില്‍ വച്ച് ബസിലേക്ക് അക്രമി ഓടി കയറി യാതൊരു പ്രകോപനവും ഇല്ലാതെ അനീഷിനെ കുത്തുകയായിരുന്നു..
കാക്കനാട് നിന്ന് സര്‍വീസ് നടത്തുന്ന ബസ് ശനിയാഴ്ച ദിവസങ്ങളില്‍ ഉച്ചയ്ക്ക് എച്ച്.എം.ടി. കവലയില്‍ ട്രിപ്പ് അവസാനിപ്പിക്കുകയാണ് പതിവ്. ഇവിടെ അനീഷ് ബസില്‍നിന്ന് യാത്രക്കാരെ ഇറക്കി കൊണ്ടിരിക്കുമ്പോഴാണ് മാസ്‌ക് ധരിച്ചെത്തിയ യുവാവ് കത്തിയുമായി ഓടിക്കയറി അനീഷിന്റെ നെഞ്ചില്‍ കുത്തിയത്.സഹോദരിയെ നീ കളിയാക്കിയല്ലെയെന്ന് ചോദിച്ചാണ് കുത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.വീണ്ടും കുത്താനുള്ള യുവാവിന്റെ ശ്രമത്തെ അനീഷ് തടുത്തതോടെ കയ്യിലും കഴുത്തിലും മുറിവേറ്റു.കുത്തേറ്റ അനീഷിനെ ബസ് ഡ്രൈവറും എച്ച്.എം.ടി.കവലയുള്ള ഓട്ടോറിക്ഷ ഡ്രൈവറും കൂടി ഓട്ടോറിക്ഷയില്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനീഷിനെ കുത്തിയശേഷം യുവാവ് ബസില്‍ നിന്ന് ഇറങ്ങി ഓടി.
എച്ച്.എം.ടി. കവലയിലുള്ള ജുമാമസ്ജിന് സമീപത്തെ റോഡിലൂടെ അനീഷിനെ കുത്തിയ യുവാവ് കത്തിയുമായി മൂലേപ്പാടം ഭാഗത്തേക്ക് ഓടുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിരുന്നു.