ഷിയാസ് കരീം പ്രതിയായ കേസ്; അതിജീവിതയുടെ ഫോട്ടോയും വ്യക്തിവിവരങ്ങളും പ്രചരിപ്പിച്ച യൂട്യൂബ് വ്‌ളോഗര്‍ക്കെതിരെ കേസ്

സിനിമാ- റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതി നൽകിയ അതിജീവിതയുടെ ഫോട്ടോയും വ്യക്തിവിവരങ്ങളും പ്രചരിപ്പിച്ച വ്‌ളോഗര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അറേബ്യന്‍ മലയാളി വ്‌ളോഗ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുടെ പേരിലാണ് ചന്ദേര പൊലീസ് കേസെടുത്തത്.

യൂട്യൂബ് ചാനലിന്‌റെ നടപടി ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് കാണിച്ച് അതിജീവിത നല്‍കിയ പരാതിയിലാണ് കേസ്. ഷിയാസ് കരീം വിവാഹ വാഗ്ദാനം നല്‍കി എറണാകുളത്തെ വിവിധ ഇടങ്ങളിലും മൂന്നാറിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പണം തട്ടിയെന്നുമാണ് യുവതി ചന്തേര പൊലീസില്‍ കഴിഞ്ഞ മാസം പരാതി നല്‍കിയത്.

പരാതിയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായ ഷിയാസ് കരീമിനെ ചന്തേര പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്തിരുന്നു. യുവതി തന്നെ ചതിച്ചതായും നേരത്തെ വിവാഹം കഴിച്ച കാര്യം മറച്ചുവച്ചതായും ഷിയാസ് പൊലീസിനോട് പറഞ്ഞിരുന്നു. ലൈംഗിക പീഡനം നടന്നുവെന്ന യുവതിയുടെ പരാതി ഷിയാസ് തള്ളുകയും ചെയ്തിരുന്നു.

കേസില്‍ ഷിയാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുകയോ ഭയപ്പെടുത്തുകയോ ചെയ്യരുതെന്നും ഹൈക്കോടതിയുടെ ജാമ്യ ഉത്തരവില്‍ പ്രത്യേകം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *