തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ട്; 717 ടാസ്മാക് ഔട്ട്‍ലറ്റുകൾ ഉടൻ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ്‌യുടെ ഉത്തരവ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നിർണ്ണായക തീരുമാനവുമായി സി. ജോസഫ് വിജയ്. മദ്യശാലകൾക്ക് പൂട്ട്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള മദ്യവിൽപന കേന്ദ്രമായ ടാസ്മാകിന്റെ (TASMAC) 717 ഔട്ട്‍ലറ്റുകൾ ഉടൻ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന മദ്യശാലകൾക്കെതിരെയാണ് നടപടി.

പൊതുസ്ഥലങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും 500 മീറ്റർ ദൂരപരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന കടകൾക്കാണ് പൂട്ട് വീഴുന്നത്. സംസ്ഥാനത്തെ 4,765 കടകളിൽ നടത്തിയ സമഗ്രമായ പരിശോധനയ്ക്ക് ശേഷമാണ് പൂട്ടേണ്ട കടകളുടെ പട്ടിക തയ്യാറാക്കിയത്. ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 കടകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്തുള്ള 186 കടകൾ, തിരക്കേറിയ ബസ് സ്റ്റേഷനുകൾക്ക് സമീപമുള്ള 255 കടകൾ എന്നിവയാണ് പട്ടികയിലുള്ളത്.

മെയ് 10-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വിജയ്‌യുടെ ആദ്യത്തെ ഔദ്യോഗിക നടപടികളിലൊന്നായി ഇത് മാറി. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ മയക്കുമരുന്ന് നിർമ്മാർജ്ജന വാഗ്ദാനവും സാമൂഹിക ക്ഷേമ പദ്ധതികളും മുൻനിർത്തിയാണ് ഈ നീക്കം.

സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ്, അഴിമതി നിർമ്മാർജ്ജനം, വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ എന്നിവയ്ക്കൊപ്പം സംസ്ഥാനത്ത് വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള പദ്ധതികളും വിജയ് സർക്കാർ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ലഹരിമുക്ത സമൂഹമെന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായി ഈ ഉത്തരവിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *