‘വികസന തുടർച്ചയുണ്ടാകും’; പിണറായി വിജയനെ സന്ദർശിച്ച ശേഷം വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വസതിയിലെത്തിയ സതീശനെ അദ്ദേഹം കൈപിടിച്ച് സ്വീകരിച്ചു. മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം പിണറായി വിജയനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെത്തുടർന്നാണ് നേരിട്ടെത്തി സതീശൻ പിന്തുണ തേടിയത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, പിണറായി വിജയൻ കേരളത്തിലെ മുതിർന്ന നേതാവാണെന്നും അദ്ദേഹത്തിന്റെ പിന്തുണ ഭരണനിർവ്വഹണത്തിന് ആവശ്യമാണെന്നും സതീശൻ പറഞ്ഞു. മുൻ സർക്കാർ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ‘കാര്യങ്ങൾ പിന്നെ പറയാം’ എന്ന ഒറ്റവരി മറുപടി മാത്രമാണ് പിണറായി വിജയൻ നൽകിയത്.

പിണറായി വിജയന്റെ വസതിയിൽ നിന്ന് മടങ്ങിയ സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ വസതിയിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് ശേഷം യുഡിഎഫ് യോഗത്തിൽ പങ്കെടുത്ത ശേഷം അദ്ദേഹം കൊച്ചിയിലേക്ക് തിരിക്കും. വൈകിട്ട് 6:30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന വി.ഡി. സതീശന് കോൺഗ്രസ് പ്രവർത്തകർ വിപുലമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെ സ്വീകരണത്തിന് ശേഷം മണ്ഡലത്തിലെ പരിപാടികളിലും അദ്ദേഹം പങ്കുചേരും.

Leave a Reply

Your email address will not be published. Required fields are marked *