കാസർകോട് മുതൽ കന്യാകുമാരി വരെ പുതുയുഗ തരംഗം; സതീശനും വേണുഗോപാലും മെനഞ്ഞ തന്ത്രങ്ങൾ വിജയത്തിലേക്ക്

തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചത് യുഡിഎഫിന്റെ അവിശ്വസനീയമായ തിരിച്ചുവരവിനാണ്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ആരോപിക്കപ്പെട്ടപ്പോഴും, പ്രചാരണക്കളത്തിൽ ഒരൊറ്റ ടീമായി പ്രവർത്തിച്ചതാണ് യുഡിഎഫിന്റെ 100 സീറ്റുകൾ എന്ന ഹിമാലയൻ ലക്ഷ്യം സാധ്യമാക്കിയത്.

പുതുയുഗ യാത്ര2026

കാസർകോട് മുതൽ കന്യാകുമാരി വരെ ഫെബ്രുവരി 6-ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ കാസർകോട് നിന്ന് ആരംഭിച്ച ‘പുതുയുഗ യാത്ര’ വിജയത്തിന്റെ ആണിക്കല്ലായി മാറി. വടക്കൻ കേരളത്തിലെ സിപിഎം കോട്ടകളിൽ പോലും ലഭിച്ച സ്വീകരണം ജനവികാരം യുഡിഎഫിന് അനുകൂലമാണെന്ന് തെളിയിച്ചു.

കട്ടയ്ക്ക് നിന്ന് ലീഗ്

ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായാണ് മുസ്ലിം ലീഗ് ഇത്തവണ വിസ്മയിപ്പിച്ചത്. ഇരുപതിലേറെ സീറ്റുകളിൽ ലീഗ് വിജയിച്ചപ്പോൾ സിപിഎമ്മുമായുള്ള സീറ്റ് വ്യത്യാസം നേരിയതായി കുറഞ്ഞു. വിവാദങ്ങളിലേക്ക് പോകാതെ കോൺഗ്രസ് നേതൃത്വത്തിന് പൂർണ്ണ പിന്തുണ നൽകിയ ലീഗ് കേഡർമാരുടെ പ്രവർത്തനം ശ്രദ്ധേയമായി.

സിപിഎം കോട്ടകളെ തകർക്കാൻ വി.ഡി. സതീശൻ പുറത്തെടുത്ത ‘വിസ്മയ തന്ത്രം’ ഫലം കണ്ടു. പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ മാസ്റ്ററും അമ്പലപ്പുഴയിൽ ജി. സുധാകരനും എൽഡിഎഫ് കോട്ടകൾ തകർത്തു. പയ്യന്നൂരിന്റെ ചരിത്രത്തിൽ ആദ്യമായാണ് സിപിഎം പരാജയപ്പെടുന്നത്.

വി.ഡി. സതീശൻ കേരളത്തിലും കെ.സി. വേണുഗോപാൽ ഡൽഹിയിലുമിരുന്ന് നടത്തിയ നീക്കങ്ങൾക്കൊപ്പം രാഹുൽ ഗാന്ധിയുടെ സാന്നിധ്യം കൂടി ചേർന്നതോടെ പ്രചാരണത്തിന് ചൂടുപിടിച്ചു. ഷാഫി പറമ്പിൽ എംപിയുടെ സംസ്ഥാനവ്യാപകമായ പ്രചാരണവും വോട്ടുകൾ സമാഹരിക്കുന്നതിൽ നിർണ്ണായകമായി.ഭരണവിരുദ്ധ വികാരത്തെ കൃത്യമായി വോട്ടാക്കി മാറ്റുന്നതിലും ന്യൂനപക്ഷ-ഭൂരിപക്ഷ വിഭാഗങ്ങളെ ഒരുപോലെ വിശ്വാസത്തിലെടുക്കുന്നതിലും യുഡിഎഫ് വിജയിച്ചു. പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം വീണ്ടും വലതുപക്ഷത്തേക്ക് ചായുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *