തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന് ഇക്കുറി വെടിക്കെട്ടില്ല. പൂരത്തിന്റെ പ്രധാന ആകർഷണമായ കുടമാറ്റം 15 മിനിറ്റായി പരിമിതപ്പെടുത്താനും കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായി. സാധാരണയായി ഒരു മണിക്കൂറോളം നീണ്ടുനിൽക്കാറുള്ള കുടമാറ്റമാണ് ഇത്തവണ പ്രതീകാത്മകമായി ചുരുങ്ങിയ സമയത്തിനുള്ളിൽ നടത്തുന്നത്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇത്തവണ വെടിക്കെട്ടുണ്ടാവില്ല. കുടമാറ്റം 15 മിനിറ്റായി ചുരുക്കി. ഇത് പ്രതീകാത്മകമായി മാത്രമായിരിക്കും നടക്കുക. പൂരത്തിന്റെ ഭാഗമായ മറ്റ് ചടങ്ങുകളും ആചാരങ്ങളും മാറ്റമില്ലാതെ തുടരും. ഇലഞ്ഞിത്തറ മേളം പതിവുപോലെ പ്രൗഢിയോടെ തന്നെ നടക്കും. ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. വെടിക്കെട്ട് ഒഴിവാക്കി മറ്റു ചടങ്ങുകൾ യഥാവിധി നടത്തണമെന്ന നിലപാടാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സ്വീകരിച്ചത്.
അതേസമയം, മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീഷ് ഉൾപ്പെടെ നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കാണാതായ നാലുപേർക്കായി തിരച്ചിൽ തുടരുന്നു. തിരിച്ചറിയാൻ കഴിയാത്ത വിധം കണ്ടെത്തിയ ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു.