പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തത് വ്യാജരേഖകള്‍ ഉപയോഗിച്ചല്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു. റേഷന്‍ കാര്‍ഡ് ഉടമയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍, ആധാര്‍ കാര്‍ഡ്, മറ്റ് അനുബന്ധ വിവരങ്ങള്‍ എന്നിവ കൃത്യമായി സമര്‍പ്പിച്ചാണ് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയതെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
നേരത്തെ, ശ്രീനാദേവി വ്യാജരേഖ ചമച്ചാണ് റേഷന്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെടുത്തിയതെന്ന് ആരോപിച്ച് കാര്‍ഡ് ഉടമയുടെ മക്കള്‍ പരാതി നല്‍കിയിരുന്നു. അടൂര്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിയെത്തുടര്‍ന്ന് ശ്രീനാദേവിയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യുകയും റേഷന്‍ കാര്‍ഡ് റദ്ദാക്കുകയും ചെയ്തിരുന്നു. അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കാര്‍ഡ് ഉടമ യശോദയുടെ മക്കളാണ് പരാതി നല്‍കിയത്.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വാദം. “കഴിഞ്ഞ പത്തു വര്‍ഷമായി ഈ വിലാസത്തിലാണ് ഞാന്‍ താമസിക്കുന്നത്. റേഷന്‍ കാര്‍ഡ് ഉടമയുടെ അമ്മയും എന്റെ മുത്തശിയും സഹോദരങ്ങളാണ്. മുമ്പ് സിപിഐക്ക് വേണ്ടി മത്സരിച്ചപ്പോഴും ഇതേ വിലാസമാണ് ഉപയോഗിച്ചിരുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സിപിഐ നടത്തുന്ന രാഷ്ട്രീയ നീക്കമാണിത്.” നിലവില്‍ വിവരാവകാശ രേഖകള്‍ പുറത്തുവന്നതോടെ, ശ്രീനാദേവിയുടെ വാദങ്ങള്‍ക്ക് കൂടുതല്‍ ബലം ലഭിച്ചിരിക്കുകയാണ്. വിഷയത്തില്‍ ഔദ്യോഗിക അന്വേഷണം തുടരുകയാണ്.