തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ പിന്തുണച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകും. ഇന്ന് വൈകിട്ട് ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ അദ്ദേഹം പങ്കെടുക്കില്ലെങ്കിലും, സതീശനെ നിയമസഭാ കക്ഷി നേതാവായി പിന്തുണയ്ക്കുന്നതായി കത്തിലൂടെ അറിയിക്കും.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വഴുതയ്ക്കാട്ടെ വസതിയിലുണ്ടായിരുന്ന ചെന്നിത്തല, മാധ്യമപ്രവർത്തകരെ കാണാതെ വീടിന്റെ പിൻഭാഗത്തുകൂടി പുറത്തേക്ക് പോയി. അദ്ദേഹം നിലവിൽ ഹരിപ്പാട്ടേക്ക് തിരിച്ചതായും അവിടെ നിന്ന് ഗുരുവായൂരിലേക്ക് പോകുമെന്നുമാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുൻപ് തന്നെ വിളിച്ച രാഹുൽ ഗാന്ധിയോട് ചെന്നിത്തല അതൃപ്തി അറിയിച്ചതായാണ് സൂചന. വർഷങ്ങളായുള്ള തന്റെ പ്രവർത്തനപരിചയവും സീനിയോറിറ്റിയും പരിഗണിക്കാത്തതിലാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്.
ചെന്നിത്തല അതൃപ്തിയിലാണെന്ന വാർത്തകൾ നിയുക്ത എംഎൽഎ ജ്യോതികുമാർ ചാമക്കാല നിഷേധിച്ചു. രമേശ് ചെന്നിത്തല പലപ്പോഴും ആ വഴി പോകാറുണ്ടെന്നും മാധ്യമങ്ങൾ അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു.
ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത്, ടി.ജെ. വിനോദ് എന്നീ നിയുക്ത എംഎൽഎമാർ രാവിലെ മുതൽ ചെന്നിത്തലയുടെ വസതിയിലുണ്ടായിരുന്നു. ഔദ്യോഗികമായി അതൃപ്തി പ്രകടിപ്പിക്കുന്നില്ലെങ്കിലും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് പാർട്ടിയിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.