കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവത്തിൽ ഉൾപ്പെട്ട ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്ന് പേരെ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് നോയിഡയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. അതേസമയം, കോളജിലെ പീഡനാരോപണങ്ങളെത്തുടർന്ന് ഓർത്തോഡോന്റിക്സ് വകുപ്പ് മേധാവി ഡോ. ഹാഷിം അലി രാജിവെച്ചു. കുറ്റാരോപിതരായ കൂടുതൽ അധ്യാപകരും ജീവനക്കാരും വരുംദിവസങ്ങളിൽ രാജിവെക്കുമെന്നാണ് സൂചന.
അതിനിടെ, നിതിൻ രാജ് മരിക്കുന്നതിന് വെറും 25 മിനിറ്റ് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പ്രിൻസിപ്പലിന്റെ മുറിയിൽ നിതിൻ നിൽക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. നിതിൻ എടുത്ത വായ്പയുമായി ബന്ധപ്പെട്ട് ‘ഇൻസ്റ്റ പേ’ ലോൺ ആപ്പിൽ നിന്ന് ലത ടീച്ചർക്ക് നിരന്തരമായി ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ടീച്ചർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ ലോൺ ആപ്പ് പ്രതിനിധികളുമായി സംസാരിച്ചെങ്കിലും അവർ വഴങ്ങിയില്ല.
റെഫറൻസ് ലിസ്റ്റിൽ നിന്ന് ടീച്ചറുടെ നമ്പർ ഒഴിവാക്കണമെന്ന് നിതിൻ ആവശ്യപ്പെട്ടെങ്കിലും, തുക മുഴുവൻ അടയ്ക്കാതെ ആരുടെയും പേര് ഒഴിവാക്കില്ലെന്ന കർക്കശമായ നിലപാടാണ് ലോൺ ആപ്പുകാർ സ്വീകരിച്ചത്. ഇതിനിടെ, കേസിൽ പ്രതികളായ ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ മുൻകൂർ ജാമ്യാപേക്ഷയുമായി തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചു. തങ്ങൾക്ക് മരണത്തിൽ പങ്കില്ലെന്നും ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയാണ് നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ഇവരുടെ വാദം.
എങ്കിലും, അധ്യാപകരുടെ മാനസിക പീഡനവും മരണത്തിന് കാരണമായിട്ടുണ്ടെന്ന ആരോപണത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. ലോൺ ആപ്പ് സംഘത്തെ കേരളത്തിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.