കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനർജി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ വ്യാപകമായി തട്ടിപ്പ് നടത്താൻ ശ്രമം നടന്നുവെന്നും പലയിടങ്ങളിലും അട്ടിമറി നീക്കങ്ങൾ ഉണ്ടായതായി വിവരമുണ്ടെന്നും മമത ആരോപിച്ചു. ഭവാനിപൂരിലെ കൗണ്ടിംഗ് സെന്ററിൽ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമാണ് അവർ മാധ്യമങ്ങളോട് സംസാരിച്ചത്.
ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ ജീവൻ നൽകിയും പോരാടുമെന്ന് മമത വ്യക്തമാക്കി. വോട്ടിംഗ് മെഷീനുകൾക്ക് കടുത്ത കാവൽ ഏർപ്പെടുത്താൻ അവർ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് അനുകൂലമായി പക്ഷപാതപരമായാണ് പെരുമാറുന്നത്. തന്നെ കേന്ദ്രസേന തടഞ്ഞുവെന്നും അവർ ചൂണ്ടിക്കാട്ടി.

എക്സിറ്റ് പോൾ പ്രവചനങ്ങളെ പരിഹസിച്ച മമത, മുൻപ് നടത്തിയ പല പ്രവചനങ്ങളും എവിടെപ്പോയെന്നും ചോദിച്ചു. ബംഗാളിൽ അർധരാത്രിയിലും നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ബാലറ്റ് ബോക്സുകൾ അനധികൃതമായി തുറക്കാൻ ശ്രമം നടന്നുവെന്ന ആരോപണവുമായി മമത ബാനർജി നേരിട്ട് രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിന് ശേഷം മടങ്ങുകയായിരുന്ന മമതയുടെ വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞത് കൊൽക്കത്തയിൽ ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ഭരണകൂടവും പ്രതിപക്ഷവും തമ്മിലുള്ള പോര് തെരുവിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ ബംഗാളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.