കേരളത്തിന്റെ നായകൻ ഇന്ന്; കോൺഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഉച്ചയ്ക്ക്, ഇന്ദിരാഭവനിൽ നിർണ്ണായക യോഗം

തിരുവനന്തപുരം: കേരളത്തിന്റെ നായകൻ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് അന്തിമ പ്രഖ്യാപനം നടത്തും. പത്ത് ദിവസം നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് ഹൈക്കമാൻഡ് ഒറ്റപ്പേരിലേക്ക് എത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും. ഇതിന് പിന്നാലെ രണ്ട് മണിക്ക് യുഡിഎഫ് നേതാക്കളുടെ യോഗവും നിശ്ചയിച്ചിട്ടുണ്ട്.

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനമെടുത്തത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, ദീപ ദാസ് മുൻഷി എന്നിവർ പ്രഖ്യാപനത്തിനായി തിരുവനന്തപുരത്തെത്തും. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചാലുടൻ വൈകുന്നേരത്തോടെ രാജ്ഭവനിലെത്തി ഗവർണർക്ക് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ച് കത്ത് നൽകാനാണ് നീക്കം. ഘടകകക്ഷി എംഎൽഎമാരോടും തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള കെ.സി. വേണുഗോപാൽ, ഘടകകക്ഷികളുടെയും അണികളുടെയും പിന്തുണയുള്ള വി.ഡി. സതീശൻ, സമവായ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന രമേശ് ചെന്നിത്തല എന്നിവരിൽ ആരെയാകും ഹൈക്കമാൻഡ് തിരഞ്ഞെടുക്കുക എന്നതിനെച്ചൊല്ലി ആകാംക്ഷ തുടരുകയാണ്. നേതാക്കൾക്കിടയിൽ തർക്കങ്ങളുണ്ടാകാതിരിക്കാൻ തയ്യാറാക്കിയ പ്രത്യേക ‘ഫോർമുല’ പ്രഖ്യാപന സമയത്ത് മാത്രമേ പുറത്തുവിടൂ.

വൈകുന്നേരത്തോടെ കേരളത്തിന്റെ ഭരണചക്രം ആര് തിരിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ഔദ്യോഗിക ചിത്രം പുറത്തുവരും.

Leave a Reply

Your email address will not be published. Required fields are marked *