ടെഹ്റാൻ: ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി അനിശ്ചിതകാലത്തേക്ക് നീട്ടിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ഇറാൻ തള്ളി. വെടിനിർത്തൽ കാലാവധി നീട്ടിയത് ഇറാനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള അമേരിക്കൻ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഇറാൻ ആരോപിച്ചു. ഹോർമുസ് കടലിടുക്കിലെ അമേരിക്കയുടെ നാവിക ഉപരോധത്തെ സൈനികമായി നേരിടുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറുടെ ഉപദേഷ്ടാവ് മുന്നറിയിപ്പ് നൽകി.
രണ്ടാഴ്ചത്തെ വെടിനിർത്തൽ ഏപ്രിൽ 22-ന് അവസാനിക്കാനിരിക്കെയാണ് പാകിസ്ഥാന്റെ അഭ്യർത്ഥന പ്രകാരം കാലാവധി നീട്ടുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. വെടിനിർത്തൽ ഉണ്ടെങ്കിലും നാവിക ഉപരോധം തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി. ചരക്കുകപ്പലുകളെ ലക്ഷ്യം വയ്ക്കുന്നത് യുദ്ധപ്രഖ്യാപനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രതികരിച്ചു. സമാധാന ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് നടത്താനിരുന്ന ഇസ്ലാമാബാദ് സന്ദർശനം വൈറ്റ് ഹൗസ് റദ്ദാക്കി. ഇറാൻ ചർച്ചകളിൽ നിന്ന് പിന്നോട്ട് പോകുന്നതാണ് ഇതിന് കാരണമായി പറയുന്നത്.

ഇറാനെ സാമ്പത്തികമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപരോധം തുടരുന്നത്. നിലവിലെ ഉപരോധം മൂലം ഇറാനു പ്രതിദിനം 500 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാനിയൻ തുറമുഖങ്ങളിലേക്ക് പോയ 27 കപ്പലുകൾ അമേരിക്കൻ സൈന്യം തടഞ്ഞ് തിരിച്ചയച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, തങ്ങളുടെ സമുദ്ര അതിർത്തി ലംഘിക്കാനുള്ള നീക്കമുണ്ടായാൽ കർശനമായി നേരിടുമെന്ന് ഇറാൻ സൈന്യം അറിയിച്ചു. മേഖലയിലെ സമാധാനശ്രമങ്ങൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ചകൾ നടത്തിവരികയാണ്. പശ്ചിമേഷ്യയിൽ വീണ്ടും ഒരു യുദ്ധസാധ്യത നിലനിൽക്കുന്നതിനാൽ രാജ്യാന്തര വിപണിയിൽ എണ്ണവിലയിലും ചാഞ്ചാട്ടം പ്രകടമാണ്.