കൊച്ചി: തൃശൂർ പൂരം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ളതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി വെങ്കിടാചലം സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ ഈ നിലപാട്. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾക്ക് നോട്ടീസ് അയച്ചു.
മുൻപ് ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങളെക്കുറിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. സുപ്രീംകോടതിയുടെ സ്റ്റേ നിലനിൽക്കുന്നതിനാൽ ഈ വിഷയത്തിൽ പുതിയ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് കോടതിക്ക് സാങ്കേതികമായ തടസ്സങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ വിഷയത്തിന് അടിയന്തര സ്വഭാവമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും സർക്കാർ നിർദേശങ്ങൾ കണക്കിലെടുത്തും പൂരത്തിന്റെ ആവേശത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ദേവസ്വങ്ങൾ തീരുമാനിച്ചു സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇത്തവണ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കാൻ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ തീരുമാനിച്ചു. പൂരപ്രേമികളുടെ പ്രിയപ്പെട്ട കുടമാറ്റം വെറും 15 മിനിറ്റായി ചുരുക്കും. ഇത് വെറുമൊരു ചടങ്ങായി മാത്രമായിരിക്കും നടത്തുക. ഇരുവിഭാഗത്തുമായി 15 ആനകൾ വീതം അണിനിരക്കും. ഇലഞ്ഞിത്തറ മേളവും ആന എഴുന്നള്ളിപ്പും ആചാരത്തിന്റെ ഭാഗമായതിനാൽ മാറ്റമില്ലാതെ തുടരുമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു.