കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ആദ്യ ബിജെപി സർക്കാർ ഇന്ന് അധികാരമേൽക്കുന്നു. നന്തിഗ്രാമിലെ കരുത്തനായ നേതാവ് സുവേന്ദു അധികാരി ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേൽക്കും. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിവിധ എൻഡിഎ മുഖ്യമന്ത്രിമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സാക്ഷ്യം വഹിക്കും. നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്ത എല്ലാ എംഎൽഎമാരും ഐകകണ്ഠ്യേനയാണ് സുവേന്ദു അധികാരിയെ നേതാവായി തിരഞ്ഞെടുത്തത്. 2020-ൽ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു, തൊട്ടടുത്ത വർഷം തന്നെ നന്തിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. തീവ്ര ഹിന്ദുത്വ നിലപാടുകളും ഹിന്ദു വോട്ടുകളുടെ വലിയ തോതിലുള്ള ഏകീകരണവുമാണ് ഇത്തവണ ബിജെപിയെ അധികാരത്തിലേക്ക് നയിച്ചത്.

തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ മമതാ ബാനർജി ഇതുവരെ തയ്യാറായിട്ടില്ല. കാലാവധി പൂർത്തിയായതിനെത്തുടർന്ന് ഗവർണർ മുൻ സർക്കാർ പിരിച്ചുവിട്ടെങ്കിലും, മമത ഇതുവരെ രാജി സമർപ്പിക്കാനോ രാജ്ഭവനിൽ എത്താനോ തയ്യാറായിട്ടില്ല എന്നത് ബംഗാൾ രാഷ്ട്രീയത്തിൽ അസാധാരണമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.