തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സന്ദർശിക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാകും രാജ്ഭവനിലെ കൂടിക്കാഴ്ച. നിയമസഭയിൽ യുഡിഎഫിന് ലഭിച്ച 102 എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് അദ്ദേഹം ഗവർണർക്ക് കൈമാറും.

ഉച്ചയ്ക്ക് ഒരു മണിക്ക് കെപിസിസി ആസ്ഥാനത്ത് കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും. എംഎൽഎമാർക്ക് എത്തുന്നതിനുള്ള അസൗകര്യം പരിഗണിച്ചാണ് നേരത്തെ നിശ്ചയിച്ചിരുന്ന സമയം ഒരു മണിയിലേക്ക് മാറ്റിയത്. എഐസിസി പ്രതിനിധികളായ ദീപ ദാസ് മുൻഷി, മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ യോഗത്തിൽ പങ്കെടുക്കാൻ എത്തും. ഘടകകക്ഷി നേതാക്കളോടും എംഎൽഎമാരോടും അടിയന്തരമായി തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വി.ഡി. സതീശൻ പുലർച്ചെ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. രമേശ് ചെന്നിത്തല തലസ്ഥാനത്തെ വസതിയിലുണ്ട്. അതേസമയം, കെ.സി. വേണുഗോപാൽ നിലവിൽ ഡൽഹിയിൽ തുടരുകയാണ്.
ഉച്ചയ്ക്ക് നടക്കുന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷം യുഡിഎഫ് യോഗവും ചേരും. ഇതിന് ശേഷമാകും സണ്ണി ജോസഫ് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുക. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള പ്രാഥമിക ഒരുക്കങ്ങൾ ഇതിനോടകം കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്.