മുഖ്യമന്ത്രി പ്രതിസന്ധി: മുസ്ലിം ലീഗ് അടിയന്തര യോഗം വിളിച്ചു; നാളെ പാണക്കാട്ട് നിർണ്ണായക ചർച്ച

കോഴിക്കോട്: കേരളത്തിന്റെ മുഖ്യമന്ത്രി പ്രതിസന്ധി പരിഹരിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് വരുത്തുന്ന കാലതാമസത്തിൽ കടുത്ത പ്രതിഷേധവുമായി മുസ്ലിം ലീഗ്. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒൻപത് ദിവസം പിന്നിട്ടിട്ടും അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ലീഗ് അടിയന്തര നേതൃയോഗം വിളിച്ചു. നാളെ രാവിലെ 10 മണിക്ക് പാണക്കാട്ടാണ് യോഗം ചേരുന്നത്.

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരാൾ തന്നെ മുഖ്യമന്ത്രിയാകണമെന്ന ഉറച്ച നിലപാടിലാണ് ലീഗ് നേതൃത്വം. ഇതിലൂടെ വി.ഡി. സതീശനായുള്ള പിന്തുണ അവർ വീണ്ടും ഊന്നിപ്പറയുന്നു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാൻഡ് നീക്കമെങ്കിൽ അതിനോട് എങ്ങനെ പ്രതികരിക്കണം എന്നതാകും നാളത്തെ യോഗത്തിലെ പ്രധാന ചർച്ചാവിഷയം. സമവായ സ്ഥാനാർത്ഥിയായി രമേശ് ചെന്നിത്തല വരുന്നതിനോട് ലീഗിന് വിയോജിപ്പില്ല.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നത് ഭരണനടപടികളെ ബാധിക്കുമെന്നും ജനങ്ങൾക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കുന്നുണ്ടെന്നും ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ജനഹിതം തിരിച്ചറിഞ്ഞില്ലെങ്കിൽ മുന്നണിക്കുള്ളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും ലീഗ് നൽകുന്നുണ്ട്.

ലീഗ് എംഎൽഎമാരും അണികളും നേതൃത്വത്തിന് മേൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. സർക്കാർ അധികാരമേറ്റ് ചെയ്യേണ്ട നിരവധി കാര്യങ്ങൾ കെട്ടിക്കിടക്കുകയാണെന്നും, പ്രഖ്യാപനം ഇനിയും നീളുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നും ലീഗ് വിലയിരുത്തുന്നു. കോൺഗ്രസ് എടുക്കുന്ന നിലപാട് തങ്ങൾക്ക് അനുകൂലമല്ലെങ്കിൽ സ്വീകരിക്കേണ്ട തുടർനടപടികൾ നാളത്തെ യോഗത്തിൽ തീരുമാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *