ന്യൂഡൽഹി: ആഗോള വിപണിയിലെ തിരിച്ചടികളെ തുടർന്ന് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ഒരുങ്ങുന്നു. കേന്ദ്ര സർക്കാരിൽ നിന്ന് ഇതിനായുള്ള പ്രാഥമിക അനുമതി ലഭിച്ചതായാണ് വിവരം. അടുത്ത രണ്ട് ദിവസത്തിനകം തന്നെ പുതുക്കിയ വില പ്രഖ്യാപിച്ചേക്കും.
ലിറ്ററിന് അഞ്ച് രൂപ വരെ വർധിപ്പിക്കാനാണ് എണ്ണക്കമ്പനികളുടെ ആലോചന. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകൾക്ക് അൻപത് രൂപ വരെ വർധിച്ചേക്കാം. ഇന്ധനവില വർധനയുണ്ടാക്കുന്ന സാമ്പത്തിക ആഘാതം നേരിടുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസും ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്കുമായി ചർച്ചകൾ നടത്തിവരികയാണ്. അവശ്യവസ്തുക്കളല്ലാത്ത ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. നിലവിൽ രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം ഉറപ്പുനൽകുന്നുണ്ടെങ്കിലും, ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. തിങ്കളാഴ്ച മാത്രം ബാരലിന് 3 ഡോളറാണ് വർധിച്ചത്. ഇതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104.47 ഡോളറിലേക്ക് എത്തി. ആഗോള പ്രതിസന്ധികൾ മറികടക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും ഇന്ധന ഉപഭോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു.