തീരുമാനം വൈകുന്നതിൽ ഘടകകക്ഷികൾക്ക് പ്രതിഷേധം; ഖർഗെയും രാഹുലും സോണിയ ഗാന്ധിക്കൊപ്പം ചർച്ചയിൽ, പ്രഖ്യാപനം ബുധനാഴ്ചയോടെ

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടെ, അന്തിമ തീരുമാനം എടുക്കാൻ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കെ.സി. വേണുഗോപാലുമായുള്ള വ്യക്തിപരമായ ബന്ധം കണക്കിലെടുത്ത് താനും രാഹുൽ ഗാന്ധിയും തീരുമാനമെടുക്കുന്നത് ഒഴിവാക്കി സോണിയ ഗാന്ധിക്ക് വിടുന്നതാണ് ഉചിതമെന്ന നിലപാടിലാണ് ഖർഗെ. തീരുമാനം വൈകുന്നതിൽ ഘടകകക്ഷികൾക്ക് പ്രതിഷേധം ഉണ്ട്.

മുഖ്യമന്ത്രി നിർണ്ണയത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി നെഹ്റു കുടുംബത്തോട് അടുത്ത വൃത്തങ്ങളുമായി ചർച്ച നടത്തി. ഇന്ന് കേരളത്തിലെ മുതിർന്ന നേതാക്കളുമായും അദ്ദേഹം സംസാരിക്കും. മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുമായി നടത്തിയ പ്രാഥമിക ചർച്ചകളിൽ മുസ്ലീം ലീഗിന്റെ നിലപാടും കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും ഗൗരവമായി പരിഗണിച്ചു.

നിരീക്ഷകർ നൽകിയ റിപ്പോർട്ട് പ്രകാരം കെ.സി. വേണുഗോപാലിന് അമ്പതിലേറെ എംഎൽഎമാരുടെ പിന്തുണയുണ്ട്. വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും ഒറ്റയക്ക പിന്തുണ മാത്രമാണുള്ളത്. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ളവരെ മാറ്റിനിർത്തുന്ന രീതി ഹൈക്കമാൻഡ് സമീപകാലത്ത് സ്വീകരിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ താല്പര്യം കെ.സിക്കൊപ്പമാണെന്നും സൂചനയുണ്ട്.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് എട്ട് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തത് കോൺഗ്രസിന് ദേശീയതലത്തിൽ ക്ഷീണമായിട്ടുണ്ട്. പ്രധാനമന്ത്രിക്ക് പിന്നാലെ ശിവസേന ഷിൻഡെ വിഭാഗവും കോൺഗ്രസിനെ പരിഹസിച്ച് രംഗത്തെത്തി. പ്രഖ്യാപനം വൈകുന്നതിൽ മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കും കടുത്ത അതൃപ്തിയുണ്ട്. സംസ്ഥാനത്തെ പ്രതിഷേധങ്ങൾ തണുക്കുന്നതിനായി മനഃപൂർവ്വം പ്രഖ്യാപനം വൈകിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *