എഐഎഡിഎംകെയിൽ വൻ പിളർപ്പ്; വേലുമണിക്കൊപ്പം 30 എംഎൽഎമാർ, ഒറ്റപ്പെട്ട് എടപ്പാടി പളനിസ്വാമി

ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ അധികാരമേറ്റതിന് പിന്നാലെ എഐഎഡിഎംകെയിൽ കനത്ത രാഷ്ട്രീയ പ്രതിസന്ധി. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പാർട്ടിയെ പിളർപ്പിലെത്തിച്ചു.

മുൻ മന്ത്രി എസ്.പി. വേലുമണിയുടെ നേതൃത്വത്തിൽ 30 എംഎൽഎമാർ അണിനിരന്നു. തങ്ങളാണ് യഥാർത്ഥ എഐഎഡിഎംകെ എന്ന് അവകാശപ്പെട്ട ഇവർ വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കൊപ്പം (ഇപിഎസ്) നിലവിൽ 17 എംഎൽഎമാർ മാത്രമാണുള്ളത്. ജനറൽ സെക്രട്ടറി സ്ഥാനം നിലനിർത്താൻ ഇപിഎസ് തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും ഭൂരിപക്ഷം എംഎൽഎമാരും എതിർത്തത് അദ്ദേഹത്തിന് തിരിച്ചടിയായി.

സി.വി. ഷണ്മുഖത്തെ നിയമസഭാ കക്ഷി നേതാവാക്കി വിമതരെ ഒപ്പം നിർത്താൻ ഇപിഎസ് ശ്രമിക്കുന്നുണ്ട്. കൂടാതെ പണ്ട് നിലവിലുണ്ടായിരുന്ന കോ-ഓർഡിനേറ്റർ പദവികൾ തിരികെ കൊണ്ടുവരാനും ആലോചനയുണ്ട്. ഇരുവിഭാഗവും സ്പീക്കർക്ക് പ്രത്യേകം കത്തുകൾ നൽകി കഴിഞ്ഞു. ഭരണകക്ഷിയായ ടിവികെ സ്പീക്കർ സ്ഥാനത്തേക്ക് മുതിർന്ന നേതാവ് ജെ.സി.ഡി. പ്രഭാകറിനെ നിശ്ചയിച്ചു. തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എഐഎഡിഎംകെ വിട്ട് വിജയ്‌ക്കൊപ്പം ചേർന്ന പ്രഭാകറിന്റെ പരിചയസമ്പത്ത് സഭാ നടപടികൾ സുഗമമാക്കുമെന്ന് ടിവികെ കണക്കുകൂട്ടുന്നു.

പ്രതിപക്ഷത്തെ ഈ പിളർപ്പ് നിയമസഭയിൽ വിജയ് സർക്കാരിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്. സ്പീക്കറുടെ തീരുമാനം അനുസരിച്ചായിരിക്കും ഔദ്യോഗിക പ്രതിപക്ഷം ആരെന്ന് നിശ്ചയിക്കപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *