‘പിന്നെ കാണാം’; മൗനം വെടിഞ്ഞ് ചിരിയോടെ പിണറായി വിജയൻ, പ്രതിപക്ഷ നേതാവിനെ കേരളത്തിൽ നിശ്ചയിക്കുമെന്ന് എം.വി. ഗോവിന്ദൻ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷമുള്ള തന്റെ ആദ്യ പരസ്യ പ്രതികരണം ഒരു ചിരിയിലും ‘പിന്നെ കാണാം’ എന്ന വാക്കിലും ഒതുക്കി കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ നടന്ന രണ്ട് ദിവസത്തെ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളോട് ഇതുവരെ മൗനം പാലിച്ചിരുന്ന പിണറായി, ഇന്ന് നിലപാട് മയപ്പെടുത്തിയെങ്കിലും രാഷ്ട്രീയ കാര്യങ്ങളിൽ വ്യക്തത നൽകിയില്ല.

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ കേരളത്തിൽ തന്നെയാകും നടക്കുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷ താൽപ്പര്യം. പിണറായി നേതാവാകുകയും കെ.എൻ. ബാലഗോപാൽ ഉപനേതാവാകുകയും ചെയ്യുന്ന ഫോർമുലയ്ക്കാണ് പാർട്ടിയിൽ മുൻതൂക്കം.

എന്നാൽ പാർട്ടിയിൽ നേതൃമാറ്റം വേണമെന്ന നിലപാട് ചില കേന്ദ്ര നേതാക്കൾക്കുണ്ട്. ഇക്കാര്യത്തിൽ ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നിലപാട് നിർണ്ണായകമാകും. ഇന്ന് വൈകിട്ട് നാല് മണിക്ക് എം.എ. ബേബി നടത്തുന്ന വാർത്താസമ്മേളനത്തിൽ പിബി യോഗത്തിലെ തീരുമാനങ്ങൾ വ്യക്തമാക്കും. പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിൽ സിപിഐ ഉയർത്തുന്ന നിലപാട് സിപിഎമ്മിന് പുതിയ തലവേദനയാകുകയാണ്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം നേതാക്കൾ വ്യക്തമാക്കി. പിണറായി വിജയൻ നേതൃസ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന പരോക്ഷമായ സന്ദേശമാണ് സിപിഐയുടെ ഈ അവകാശവാദത്തിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നു.

പിബി യോഗത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കേരളത്തിൽ നടക്കുന്ന സംസ്ഥാന കമ്മിറ്റി, സെക്രട്ടേറിയറ്റ് യോഗങ്ങളിലാകും എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവിനെ സംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *