ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്നറിയാം. ഇന്ന് തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്ന് സൂചന. തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നാളെ ഡൽഹിയിൽ ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ, തീരുമാനം വൈകുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിൽ ഇന്ന് തന്നെ ധാരണയിലെത്താനാണ് ഹൈക്കമാൻഡ് നീക്കം.വൈകുന്നേരം മല്ലികാർജുൻ ഖർഗെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ നിലപാടുകൾ അദ്ദേഹം നേരിട്ട് ചോദിച്ചറിയും. കെപിസിസി ആരുടെ പക്ഷത്താണെന്ന് വ്യക്തമാക്കാൻ സണ്ണി ജോസഫുമായും ഖർഗെ സംസാരിക്കും. ആദ്യഘട്ട ചർച്ചകളിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ലെങ്കിലും ഖർഗെ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം.
ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്നതാണ് അദ്ദേഹത്തിന്റെ കരുത്ത്. എന്നാൽ മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ വി.ഡി. സതീശനെ പിന്തുണയ്ക്കുന്നു. സീനിയോറിറ്റി പരിഗണിച്ച് തനിക്ക് അവസരം നൽകണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം.
മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഉടൻ പ്രഖ്യാപനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. സമവായമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രഖ്യാപനം എഐസിസി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനം എന്തുതന്നെയായാലും പരസ്യമായ പ്രതിഷേധങ്ങൾ പാടില്ലെന്ന് നേതാക്കൾക്കും പ്രവർത്തകർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.