ന്യൂഡൽഹി: മുഖ്യമന്ത്രിപ്പോര് കടുക്കുന്നതിനിടെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണ്ണായക ചർച്ചകൾക്കായി മുതിർന്ന കോൺഗ്രസ് നേതാക്കൾ ഡൽഹിയിലെത്തി. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
പുലർച്ചെ ഡൽഹിയിലെത്തിയ വി.ഡി. സതീശന് കേരള ഹൗസിൽ ഡൽഹി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ വൻ സ്വീകരണം നൽകി. ‘ടീം ജെൻസി’ എന്ന പേരിൽ സംഘടിച്ചെത്തിയ വിദ്യാർത്ഥികൾ മണിക്കൂറുകളോളം കാത്തുനിന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസിനുണ്ടായ തിരിച്ചടികൾ കേരളത്തിൽ ആവർത്തിക്കരുതെന്നും സതീശനെപ്പോലുള്ള നേതാക്കൾ വരണമെന്നുമാണ് വിദ്യാർത്ഥികളുടെ പക്ഷം.

വി.ഡി. സതീശന് അനുകൂലമായ തരംഗം ഒരുവശത്ത് നടക്കുമ്പോൾ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് ചർച്ചയായിട്ടുണ്ട്. കെ.സി. വേണുഗോപാലിന് എംഎൽഎമാർക്കിടയിലുള്ള ഭൂരിപക്ഷം കെ.സി ക്യാമ്പിന് ആത്മവിശ്വാസം നൽകുമ്പോൾ, ഘടകകക്ഷികളുടെ പിന്തുണയും പൊതുജനവികാരവും തനിക്ക് അനുകൂലമാകുമെന്നാണ് സതീശന്റെ പ്രതീക്ഷ. തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്ന ആവശ്യത്തിൽ രമേശ് ചെന്നിത്തലയും ഉറച്ചുനിൽക്കുന്നു.
നേതാക്കൾക്കിടയിൽ സമവായമുണ്ടായാൽ ഇന്ന് തന്നെ പ്രഖ്യാപനമുണ്ടായേക്കും. എംഎൽഎമാരുടെ പിന്തുണ, ഘടകകക്ഷികളുടെ നിലപാട്, സീനിയോറിറ്റി എന്നിവ സന്തുലിതമായി പരിഗണിച്ച് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും.