തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ അട്ടിമറി; ഡിഎംകെ വിട്ട് കോൺഗ്രസ്, ഇനി കൈകോർക്കുന്നത് വിജയ്‌യുടെ ടിവികെയ്ക്കൊപ്പം

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് ഡിഎംകെ വിട്ട് കോൺഗ്രസ്. നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) ചേർന്ന് പ്രവർത്തിക്കാനാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. വർഗീയ ശക്തികളെ മാറ്റിനിർത്തണമെന്ന ഒരേയൊരു ഉപാധിയിലാണ് ഈ പുതിയ സഖ്യം രൂപീകരിച്ചിരിക്കുന്നത്.

തമിഴ്നാട്ടിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനായി 5 കോൺഗ്രസ് എംഎൽഎമാർ ടിവികെയെ പിന്തുണയ്ക്കും. ഇത് സംബന്ധിച്ച് കോൺഗ്രസ് ഉടൻ ഗവർണർക്ക് കത്ത് നൽകും. വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസും ടിവികെയും ഒന്നിച്ച് മത്സരിക്കാനാണ് തീരുമാനം. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഈ സഖ്യം തുടരുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്നാടിന് പുറമെ ദേശീയ തലത്തിലും ടിവികെയുമായി സഖ്യമുണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. തമിഴ്നാട്ടിൽ പഴയകാലത്തെ കാമരാജ് ഭരണം തിരികെ കൊണ്ടുവരുമെന്ന് കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി പറഞ്ഞു. ഇതിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കൾ ഉടൻ പനയൂരിലെ ടിവികെ ആസ്ഥാനത്തെത്തി വിജയ്‌യെ കാണും.

അതേസമയം, എഐഎഡിഎംകെയിലെ ഒരു വിഭാഗം ടിവികെയുമായി സഖ്യത്തിന് താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അവരുമായി നിലവിൽ സഖ്യത്തിനില്ലെന്ന് ടിവികെ ജനറൽ സെക്രട്ടറി അരുൺരാജ് വ്യക്തമാക്കി. ഡിഎംകെ ക്യാമ്പിനെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ ആഘാതമാണ് കോൺഗ്രസിന്റെ ഈ പിന്മാറ്റം ഉണ്ടാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *