ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ബംഗാൾ, തമിഴ്നാട്, കേരളം എന്നീ മൂന്ന് സുപ്രധാന സംസ്ഥാനങ്ങളിലും ഭരണമാറ്റത്തിന്റെ സൂചനകൾ വ്യക്തമാകുന്നു. ദേശീയ രാഷ്ട്രീയത്തിൽ പ്രവചനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് തമിഴ്നാട്ടിലുണ്ടായ ഡിഎംകെയുടെ പതനമാണ് രാഷ്ട്രീയ ലോകത്തെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത്.
കടുത്ത പോരാട്ടം പ്രവചിക്കപ്പെട്ടിരുന്ന കേരളത്തിൽ എൽഡിഎഫിന്റെ എല്ലാ പ്രതീക്ഷകളും തകർത്ത് യുഡിഎഫ് നൂറിലേറെ സീറ്റുകൾ നേടി. മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമ്മടത്ത് പോലും പിന്നിലായതും 12 മന്ത്രിമാർ പരാജയഭീതിയിൽ നിൽക്കുന്നതും എൽഡിഎഫിന് കനത്ത തിരിച്ചടിയായി. കൃത്യമായ ആസൂത്രണത്തോടെയും ഐക്യത്തോടെയും നീങ്ങിയ യുഡിഎഫ് ഭരണമുറപ്പിക്കുകയാണ്.

ചെന്നൈ ഉൾപ്പെടെയുള്ള ഡിഎംകെ കോട്ടകളിൽ പോലും അപ്രതീക്ഷിതമായ തിരിച്ചടിയാണ് സ്റ്റാലിനും ഉദയനിധി സ്റ്റാലിനും നേരിടുന്നത്. നടൻ വിജയ്‌യുടെ ടിവികെ തരംഗം ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയെന്നാണ് പ്രാഥമിക സൂചനകൾ. ഒന്നര പതിറ്റാണ്ട് നീണ്ട മമത ബാനർജിയുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി കേവല ഭൂരിപക്ഷം കടന്ന് മുന്നേറുകയാണ്. എസ്ഐആർ വിവാദങ്ങളും ഭരണവിരുദ്ധ വികാരവും തൃണമൂലിനെ കടപുഴക്കിയപ്പോൾ, പരമ്പരാഗതമായി ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകൾ പോലും ഇത്തവണ മമതയെ രക്ഷിച്ചില്ല.
ദേശീയ രാഷ്ട്രീയത്തിൽ പ്രാദേശിക കക്ഷികൾക്ക് നേരിട്ട ഈ തിരിച്ചടി വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിടും.