ധർമ്മടം ഞെട്ടലിൽ; മൂന്ന് റൗണ്ട് പിന്നിടുമ്പോഴും പിണറായി വിജയൻ പിന്നിൽ, ആവേശം വിതറി യുഡിഎഫ്

കണ്ണൂർ: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ കണ്ണൂർ ജില്ലയിൽ ഇടത് മുന്നണിക്ക് വൻ തിരിച്ചടി, ധർമ്മടം ഞെട്ടലിൽ. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ മൂന്ന് റൗണ്ടുകൾ പൂർത്തിയാകുമ്പോഴും അദ്ദേഹം പിന്നിലാണെന്നത് രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

മൂന്ന് റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ 2077 വോട്ടുകൾക്ക് പിന്നിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദാണ് ഇവിടെ ലീഡ് ചെയ്യുന്നത്. എൽഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്തിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോഴാണ് മുഖ്യമന്ത്രി പിന്നിലായത്. നിലവിൽ വോട്ടെണ്ണൽ അഞ്ചരക്കണ്ടി പഞ്ചായത്തിലേക്ക് കടന്നിരിക്കുകയാണ്.

മറ്റൊരു സിപിഎം കേന്ദ്രമായ പയ്യന്നൂരിൽ എൽഡിഎഫിന് മുൻവർഷത്തെ അപേക്ഷിച്ച് 11000 വോട്ടുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പിണറായി വിജയൻ വലിയ ഭൂരിപക്ഷത്തിന് ലീഡ് ചെയ്ത കേന്ദ്രങ്ങളിലാണ് ഇത്തവണ യുഡിഎഫ് മുന്നേറുന്നത്. 2016-ൽ 87,329 വോട്ടും 2021-ൽ 95,522 വോട്ടും നേടിയ മണ്ഡലത്തിലാണ് ഇത്തവണ മുഖ്യമന്ത്രി കടുത്ത പോരാട്ടം നേരിടുന്നത്. മമ്പറം ദിവാകരൻ, സി. രഘുനാഥ് എന്നിവർക്ക് ശേഷം ഇത്തവണ യുവനേതാവായ വി.പി. അബ്ദുൽ റഷീദിനെ കളത്തിലിറക്കിയ കോൺഗ്രസ് തന്ത്രം ഫലം കാണുന്നുവെന്നാണ് സൂചനകൾ. ബിജെപിക്ക് വേണ്ടി കെ. രഞ്ജിത്താണ് മത്സരരംഗത്തുള്ളത്.

അതേസമയം, ജില്ലയിലെ തളിപ്പറമ്പ് മണ്ഡലത്തിൽ ടി.കെ. ഗോവിന്ദൻ മുന്നിൽ തുടരുന്നുണ്ട്. ധർമ്മടത്തെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രി ലീഡ് തിരിച്ചുപിടിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *