വാണിജ്യ സിലിണ്ടർ വിലയിൽ വൻ വർദ്ധനവ്; ഒരൊറ്റയടിക്ക് കൂട്ടിയത് 993 രൂപ

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. 19 കിലോയുടെ വാണിജ്യ സിലിണ്ടർ 993 രൂപയാണ് ഒരൊറ്റയടിക്ക് വർദ്ധിപ്പിച്ചത്. ഇതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 3071.50 രൂപയായി ഉയർന്നു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷങ്ങളാണ് ഈ കുത്തനെയുള്ള വിലവർദ്ധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ല.

ഹോർമുസ്

പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിച്ച ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വില ഉയരുന്നത്. മാർച്ചിൽ 100 രൂപയും ഏപ്രിലിൽ 200 രൂപയും വർദ്ധിപ്പിച്ചിരുന്നു. ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾ കാരണം ചരക്കുനീക്കം തടസ്സപ്പെട്ടത് ഹോട്ടൽ വ്യവസായത്തെ നേരത്തെ തന്നെ ബാധിച്ചിരുന്നു. സിലിണ്ടറുകൾ ലഭ്യമായി തുടങ്ങിയെങ്കിലും വില കുത്തനെ കൂടിയത് ഹോട്ടൽ ഭക്ഷണത്തിന്റെ വില വർദ്ധിപ്പിക്കാൻ കാരണമായേക്കും.

വാണിജ്യ സിലിണ്ടർ വില കൂട്ടിയപ്പോൾ തന്നെ, ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും (ATF) കയറ്റുമതി തീരുവ കേന്ദ്രസർക്കാർ കുറച്ചിട്ടുണ്ട്. ഡീസൽ തീരുവ 23 രൂപയായും വിമാന ഇന്ധന തീരുവ 33 രൂപയായുമാണ് കുറച്ചത്. പെട്രോൾ കയറ്റുമതി തീരുവയിൽ മാറ്റമില്ല. പുതുക്കിയ ഈ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *